അച്ചൻകോവിൽ∙ കാട്ടുപന്നി ആക്രമണം വീണ്ടും; വീട്ടുമുറ്റത്തിറങ്ങിയ ഗൃഹനാഥനെ പന്നി കുത്തിപ്പരുക്കേൽപിച്ചു. ഇന്നലെ പുലർച്ചെ 4ന് അച്ചൻകോവിൽ പട്ടികജാതി കോളനി ബ്ലോക്ക് 23ൽ കെ.ഗോപിയെ(53) ആണ് കാട്ടുപന്നി കുത്തിയത്. വീടിനു വെളിയിലേക്കിറങ്ങിയ ഉടനെ പന്നിയെത്തി കുത്തിത്തെറിപ്പിക്കുകയായിരുന്നു.
കാലിനും കൈയ്ക്കും പരുക്കേറ്റ ഗോപി ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു മാസത്തിനുള്ളിൽ അച്ചൻകോവിലിൽ ഒട്ടേറെ പേർക്കു കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. ആര്യങ്കാവ് പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ ഭാര്യ കാട്ടുപന്നി കുത്തിയതിനെത്തുടർന്ന് ഇപ്പോഴും ചികിത്സയിലാണ്.
ഒരു മാസം മുൻപു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ 10 പന്നികളെ വെടിവച്ചു കൊന്നു. നൂറുകണക്കിനു പന്നികൾ രാവും പകലും അച്ചൻകോവിലിൽ വിലസുമ്പോൾ 10 എണ്ണത്തിനെ കൊന്നതുകൊണ്ടു ശല്യം അവസാനിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. നാട്ടിലിറങ്ങുന്ന പന്നികളെ വീണ്ടും കൊന്നൊടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.