ADVERTISEMENT

കുണ്ടറ ∙ പൊലീസിനു നേരെ വാൾ വീശി കായലിൽ ചാടിയ പ്രതികളും ഒളിവിൽ താമസിപ്പിച്ച സുഹൃത്തും‍ മൂന്നാംദിവസം പിടിയിൽ. കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (28), ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (21), ഇവരെ ഒളിവിൽ താമസിച്ച കുമ്പളം പാവിട്ടുമൂല ഷൈജു ഭവനിൽ ഷൈജു (35) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഏഴോടെ കുണ്ടറ കുമ്പളത്ത്  ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടാൻ എത്തിയ പൊലീസിനെ ഷൈജു തടിക്കഷണം കൊണ്ട് ആക്രമിച്ചെങ്കിലും പൊലീസ് സംഘം ഇവരെ കീഴടക്കുകയായിരുന്നു.

യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും. ജനുവരി 28ന് പുലർച്ചെ ഇവരെ അറസ്റ്റ് ചെയ്യാൻ എത്തിയ കാക്കനാട് ഇൻഫോപാർക്ക് സിഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ വാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് സിഐ ജീവരക്ഷാർഥം 4 റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. അഷ്ടമുടിക്കായലിൽ ചാടിയ പ്രതികൾ അധികദൂരം പോയിരിക്കാൻ സാധ്യതയില്ലെന്ന് സ്പെഷൽ ബ്രാഞ്ച് വിലയിരുത്തിയിരുന്നു. മൂന്നുദിവസം തുടർച്ചയായി നടന്ന തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

കാപ്പ കേസിൽ അറസ്റ്റിലായ ആന്റണി രാജു കഴിഞ്ഞ 9നും ഷൈജു ഡിസംബർ ആദ്യ ആഴ്ചയുമാണ് പുറത്തിറങ്ങിയത്. കുണ്ടറ സിഐ ആർ.രതീഷിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ ഡാർവിൻ, ദീപക് അഷ്ടപതി, സിപിഒമാരായ അരുൺ വി.രാജ്, രാജേഷ്, അനിൽ ലാൽ, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അഡീഷനൽ എസ്പി സന്തോഷ് കുമാർ,  സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷൈനു തോമസ്, ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് എന്നിവർ കുണ്ടറ സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com