ADVERTISEMENT

കൊട്ടാരക്കര∙ ജില്ലാ ജിയോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തത് മണ്ണ്-പാറ മാഫിയയ്ക്ക് വേണ്ടിയാണെന്ന ആരോപണവുമായി താലൂക്ക് വികസനസമിതി. ഇടനിലക്കാരായ ഏജന്റൻമാരെ ജിയോളജി ഓഫിസുകളിൽ നിന്ന് ആട്ടിയോടിച്ച സത്യസന്ധയായ ഉദ്യോഗസ്ഥയ്ക്ക് എതിരെയുള്ള നടപടി മാഫിയകളെ പ്രീതിപ്പെടുത്താനാണെന്നും നടപടി പിൻവലിക്കണമെന്നും ആവശ്യം ഉയർന്നു. ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  ഇന്നലെ താലൂക്ക് വികസനസമിതിയിൽ ജിയോളജിസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

പ്രതിനിധികളായ വെളിയം ഉദയകുമാർ, പി.ചന്ദ്രഹാസൻ, കുളക്കട രാജു, മാത്യു സാം, ആർ.രാജശേഖരൻപിള്ള എന്നിവർ ജിയോളജിസ്റ്റിന് അനുകൂലമായി രംഗത്തെത്തി. ഖനനമാഫിയയുടെ പക്കൽ നിന്നു 25 കോടി രൂപയാണ് പിഴയായി ജിയോളജിസ്റ്റ് ഈടാക്കിയത്. 1200 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജിയോളജി ഡയറക്ട്രേറ്റിലെ ചിലരും മാഫിയകളുമായുള്ള ബന്ധത്തിന്റെ ഫലമാണ് സസ്പെൻഷൻ. വിഷയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യം ഉയർന്നു.

താലൂക്ക് വികസന സമിതി പ്രമേയം പാസാക്കണമെന്ന നിർദേശവും ചില അംഗങ്ങൾ ഉന്നയിച്ചു. കൊട്ടാരക്കര- നെടുവത്തൂർ ശുദ്ധജല പദ്ധതി വേഗത്തിൽ നടപ്പാക്കാൻ കൊട്ടാരക്കര നഗരസഭ തയാറാകണമെന്ന് ആവശ്യം ഉയർന്നു. ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം ഏറ്റെടുക്കാൻ കൊട്ടാരക്കര നഗരസഭ ഉടൻ തയാറാകണം. ടാങ്ക് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ  നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് നടപടികൾ പൂർത്തിയാക്കി. എംസി റോഡിലും കൊട്ടാരക്കര കോടതി പരിസരത്തും റോഡ് വശങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർന്നു.

കെഎസ്ടിപി റോഡ് വശങ്ങൾ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. നടപടികൾ ആരംഭിച്ചതായി കെഎസ്ടിപി അധികൃതർ യോഗത്തിൽ അറിയിച്ചു. ഇളമാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടർ ജി.നിർമൽകുമാർ, കൊട്ടാരക്കര നഗരസഭ ചെയർപഴ്സൻ എസ്.ആർ.രമേശ്, കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ,തഹസിൽദാർ പി.ശുഭൻ എന്നിവർ പ്രസംഗിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com