അറിഞ്ഞോ അവരുടെ വീടുകളിലെ അടുപ്പ് പുകയുന്നില്ലെന്ന് :2 മാസമായി സ്കൂൾ പാചകത്തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട്

school-food
SHARE

കൊല്ലം∙സ്കൂൾ പാചക തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിട്ട് 2 മാസം. ചെയ്യുന്ന ജോലിക്ക് ശമ്പളമില്ലെങ്കിലും നിറഞ്ഞ മനസ്സോടെ കുഞ്ഞു മക്കൾക്ക് അന്നമൂട്ടുകയാണ് അവർ. ആശ്വാസ ധന സഹായമായി ഡിസംബറിലെ ശമ്പളത്തിന്റെ ഒരു വിഹിതം ചിലയിടങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.

Also read: മെഡിക്കൽ കോളജിന് സമീപം അടിപ്പാത, ചെലവ് 1.3 കോടി; സുരക്ഷാ ജീവനക്കാരും ക്യാമറയുമുണ്ടാകും

എന്നാൽ കടം വാങ്ങി 2 മാസത്തെ ജീവിതച്ചെലവുകൾ മുന്നോട്ടു കൊണ്ടുപോയ തങ്ങൾക്ക് ഇനി ശമ്പളം ലഭിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് പാചക തൊഴിലാളികൾ പറയുന്നത്‍. നിലവിൽ 600 രൂപയാണ് പാചക തൊഴിലാളികളുടെ ദിവസക്കൂലി. സംസ്ഥാന സർക്കാർ വർധിപ്പിച്ച 50 രൂപ 2 വർഷത്തിലധികമായി കുടിശികയാണ്. പാചക തൊഴിലാളികളുടെ കുടിശിക ഉൾപ്പെടെ ശമ്പളം നൽകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ മാസങ്ങളായി പറയുന്ന ന്യായം.

‍സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിച്ചില്ല

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിക്കാത്തത് മൂലം ഓരോ ദിവസത്തെയും ചെലവ് മുന്നോട്ടു കൊണ്ടു പോകാൻ‍ പ്രധാനാധ്യാപകർ ബുദ്ധിമുട്ടുന്നു. പ്രൈമറി വിഭാഗത്തിൽ ഒരു കുട്ടിക്ക് 5.45 രൂപയും അപ്പർ പ്രൈമറി വിഭാഗത്തിൽ 8.17 രൂപയുമാണ് പുതിയ കേന്ദ്ര വിഹിതം. എന്നാൽ നിലവിൽ സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും ചേർന്ന് എൽപി, യുപി വിഭാഗം കുട്ടികൾക്ക് ആകെ 8 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

ഇൗ തുകയിൽ നിന്ന് വേണം ആഴ്ചയിൽ ഒരു ദിവസം ഒരു മുട്ടയും 2 ദിവസം ഒരു കുട്ടിക്ക് 150 മില്ലി വീതം പാലും നൽകാൻ. 2 ദിവസം ഒരു കുട്ടിക്ക് അനുവദിക്കുന്ന ആകെ തുക പാലിനും മുട്ടയ്ക്കും വേണ്ടി മാത്രം നീക്കി വയ്ക്കേണ്ടി വരും. കഴിഞ്ഞ നവംബറിൽ പാൽ വില 6 രൂപ വർധിപ്പിച്ചതും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയെ ബാധിച്ചു. ഉച്ച ഭക്ഷണ പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകുന്നത്.

ഉച്ച ഭക്ഷണ പദ്ധതിക്കായി അരി ഒഴികെയുള്ള ഉൽപന്നങ്ങൾക്കും പാചക വാതകത്തിനും ഒരു കുട്ടിക്ക് ആഴ്ചയിൽ ശരാശരി 40 രൂപയാണ് ലഭിക്കുന്നത്. ഇൗ തുക കൊണ്ട് ഒന്നിനും തികയില്ലെന്ന് പ്രധാന അധ്യാപകർ പറയുന്നു. ഓണത്തിന് ശേഷം തുക വർധിപ്പിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനമെങ്കിലും ഇത് നടപ്പായില്ല. ഇനി 20 പ്രവൃത്തി ദിനം മാത്രമാണ് അവശേഷിക്കുന്നത്. ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് ലഭിക്കേണ്ട ഫണ്ടും 2 മാസമായി കുടിശികയാണ്.

പ്രതിസന്ധികളോട്  പോരാടി

സംസ്ഥാനത്താകെ 14350 സ്കൂൾ പാചക തൊഴിലാളികളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നത്. പ്രവൃത്തി ദിനങ്ങളിലെല്ലാം സ്കൂളിൽ ജോലിയുള്ളതിനാൽ ഇവരാരും തൊഴിലുറപ്പ് പദ്ധതിയിൽ പോലും അംഗങ്ങളായിട്ടില്ല. വർഷങ്ങളായി ഇൗ മേഖലയിൽ തൊഴിലെടുക്കുന്ന ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് തൊഴിലുകളും വശമില്ല.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലി നിശ്ചയിച്ചു. ഇനി അത് കുടിശികയില്ലാതെ നൽകിയാൽ മാത്രം മതിയെന്നാണ് ഇവർ പറയുന്നത്. സ്കൂൾ അവധിയായ ഏപ്രിൽ, മേയ് മാസങ്ങളിൽ പാചക തൊഴിലാളികൾക്ക് 4000 രൂപ ധനസഹായം അനുവദിക്കാറുണ്ടെങ്കിലും കഴിഞ്ഞ തവണ അതും മുടങ്ങിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS