ADVERTISEMENT

പത്തനാപുരം∙ ടൗണിൽ രണ്ടാമത്തെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനു ബജറ്റിൽ പണം വകയിരുത്തിയതു മലയോര മേഖലയ്ക്ക് ആശ്വാസവാർത്തയാകുന്നു. 3 കോടി രൂപയാണു വകയിരുത്തിയത്. മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ചു പ്രവർത്തിക്കുന്ന സ്പെഷൽ ഗ്രേഡ് പഞ്ചായത്തായ ഇവിടെ ഇടുങ്ങിയ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.

ഇതു പുതിയ മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റുകയാണ് പ്രധാന തീരുമാനമെങ്കിലും അധികം വരുന്ന സ്ഥലത്തു ടൗണിൽ വിവിധയിടങ്ങളിലായി വാടകയ്ക്കു പ്രവർത്തിക്കുന്ന ഓഫിസുകളും ഇവിടേക്കു മാറ്റാൻ ആലോചനയുണ്ട്. താലൂക്ക് ആശുപത്രിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാൾ പൊളിച്ചു നീക്കിയാണു മിനി സിവിൽ സ്റ്റേഷൻ നിർമിക്കുക.

റോഡ് നിരപ്പിൽ മണ്ണു നീക്കി, അടിയിൽ പാർക്കിങ്ങും മുകൾ നിലയിൽ ഓഫിസുകളും എന്ന രീതിയിലാണ് ക്രമീകരിക്കുക. പിൻഭാഗത്തെ താലൂക്ക് ആശുപത്രി മഞ്ചള്ളൂരിൽ വാങ്ങിയ സ്ഥലത്തേക്കു മാറ്റി  പ്രവർത്തിക്കുമ്പോൾ, ഈ കെട്ടിടങ്ങൾ കൂടി ഉൾപ്പെടുത്തി കോംപൗണ്ട് വിപുലപ്പെടുത്തും. ഇതോടെ കൂടുതൽ ഓഫിസുകൾ ഇവിടെ സ്ഥാപിക്കാൻ കഴിയും.

സ്ഥലമില്ലാത്തതിന്റെ പേരിൽ പുതിയ ഓഫിസുകൾ അനുവദിക്കുന്നതിൽ വരുന്ന തടസ്സം ഇതോടെ ഒഴിവാകുമെന്നാണു പ്രതീക്ഷ. മുൻ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദ്, നിലവിലെ പ്രസിഡന്റ് എസ്.തുളസി എന്നിവർ മന്ത്രി കെ.എൻ.ബാലഗോപാലിനു നൽകിയ നിവേദനത്തെത്തുടർന്നാണു പണം വകയിരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com