പത്തനാപുരം∙ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയിൽ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഡിപ്പോയിലെ കണ്ടക്ടർ ഉമ്മന്നൂർ വടക്കേവീട്ടിൽ ബിജു കെ.തോമസ് ആണ് അറസ്റ്റിലായത്. കോന്നി-കൊല്ലം പാതയിൽ സർവീസ് നടത്തുന്ന ബസിൽ നെടുവന്നൂരിൽ നിന്നാണ് പെൺകുട്ടി കയറിയത്. ടിക്കറ്റ് എടുത്ത ശേഷം തിരികെയെത്തിയ കണ്ടക്ടർ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപികയും ഇതേ ബസിൽ ഉണ്ടായിരുന്നു. കുന്നിക്കോട് എത്തിയപ്പോഴേക്കും ബസിനുള്ളിൽ ബഹളമായെങ്കിലും പൊലീസിൽ അറിയിച്ചില്ല.പിന്നീട് സ്കൂളിലെത്തിയ വിദ്യാർഥിയും, അധ്യാപികയും വീട്ടുകാരെ വിവരം അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ബസ് തിരികെ വരുമ്പോൾ, കുന്നിക്കോട് വച്ച് പൊലീസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി.