ADVERTISEMENT

പുനലൂർ ∙ അഞ്ചൽ ഏറം ഉത്ര വധക്കേസിനോട് അനുബന്ധിച്ചുള്ള സ്ത്രീധന പീഡന കേസിലെ രണ്ടാം സാക്ഷിയും ഉത്രയുടെ പിതാവുമായ വിജയസേനന്റെ പ്രതിഭാഗം എതിർവിസ്താരം രണ്ടാം ദിവസമായ ഇന്നലെ പൂർത്തിയായി. ഈമാസം ഒന്നിനും വിസ്താരം നടന്നിരുന്നു. അന്ന് ക്രോസ് വിസ്താരം  3 മണിക്കൂറിലധികം നീണ്ടിരുന്നു. നാലാം സാക്ഷിയും വിജയസേനന്റെ സഹോദര പുത്രനുമായ ശ്യാംദേവിനെ വിസ്തരിക്കാൻ പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അമ്പിളി ചന്ദ്രൻ കേസ് 29ന് വീണ്ടും പരിഗണിക്കും. ഉത്രയുടെ മാതാവിനെ വിസ്തരിക്കാൻ പ്രതിഭാഗം അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഉത്രയുടെ സ്വർണാഭരണങ്ങൾ കൊല്ലം സെഷൻസ് കോടതിയിൽ നിന്നു പുനലൂർ കോടതിയിൽ എത്തിച്ചു. ഉത്രയുടെ മാതാവ് ഇനി അവ തിരിച്ചറിയേണ്ടതുണ്ട്. 

ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിലുള്ള ഭർത്താവ് സൂരജ് എസ്.കുമാർ, ഭർതൃപിതാവ് സുരേന്ദ്ര പണിക്കർ, ഭർതൃമാതാവ് രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികൾ. നേരത്തെ ഒന്നാം സാക്ഷി ഉത്രയുടെ സഹോദരൻ വിഷുവിനെ 5 മണിക്കൂറിലധികം സമയമെടുത്ത് വിസ്തരിച്ചിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനു മുൻപ് തന്നെ സ്ത്രീധന നിരോധന നിയമം മൂന്നും നാലും വകുപ്പു കൂടി ഈ കേസിൽ ഉൾപ്പെടുത്തണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ അംഗീകരിച്ച കോടതി, കേസിന്റെ പ്രധാന ഘട്ടമായ സാക്ഷി വിസ്താരത്തിലേക്ക് കടന്നപ്പോൾ ഇതിനായി കൂടുതൽ സമയം ആവശ്യമായി വിന്നിരിക്കുകയാണ്.  സൂരജ് എസ്.കുമാറിനെ ഇന്നലെ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾ  നേരിട്ടു ഹാജരായി.

2020 മേയ് 6ന് രാത്രി ഉറങ്ങാൻ കിടന്ന ഉത്രയെ പാമ്പുകടി ഏൽപിച്ചതിനെത്തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിറ്റേന്നു പുലർച്ചെ മരിക്കുകയുമായിരുന്നു. അഞ്ചൽ പൊലീസ് റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയ സ്ത്രീധന പീഡനക്കേസിൽ 55 രേഖകളാണ് വാദിഭാഗം ഹാജരാക്കിയത്. ഉത്രയുടെ മാതാപിതാക്കളും സഹോദരനും അടക്കം 77 സാക്ഷികളാണ് കേസിൽ ഉള്ളത്. സൂരജിന്റെയും ഉത്രയുടെയും ബന്ധുക്കൾ, ബാങ്ക് മാനേജർമാർ, ബ്രോക്കർമാർ, അന്വേഷണ ഉദ്യോഗസ്ഥർ, സൂരജിന്റെ അയൽവാസികൾ തുടങ്ങിയവരും സാക്ഷിപ്പട്ടികയിൽ ഉണ്ട്. പ്രതികൾക്ക് വേണ്ടി അഡ്വ. അനീസ് തങ്ങൾ കുഞ്ഞും വാദിഭാഗത്തിനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ ഷിബ്ദാസും കോടതിയിൽ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com