കടയ്ക്കൽ∙ സ്വന്തം ആശുപത്രിയുടെ പരസ്യ ബോർഡ് നശിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പേരിൽ വനിതാ ആയുർവേദ ഡോക്ടറെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു പരാതി. സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണു കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. കടയ്ക്കൽ തിരുവാതിര ഉത്സവം പ്രമാണിച്ചാണ് ആശുപത്രിക്കു മുന്നിൽ ബോർഡ് സ്ഥാപിച്ചതെന്നു ഡോക്ടർ പറയുന്നു. എന്നാൽ ബോർഡ് എടുത്തു മാറ്റി നശിപ്പിച്ചു.
ഇതു സംബന്ധിച്ചു കടയ്ക്കൽ പൊലീസിൽ ഡോക്ടർ പരാതി നൽകി. പിന്നാലെ ഡോക്ടറുടെ വീട്ടിൽ എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീണ്ടും ഡോക്ടർ പൊലീസിൽ പരാതി നൽകി. കേസ് എടുത്തില്ല. പൊലീസ് കേസ് എടുക്കാത്തതിനാൽ വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നു ഡോക്ടർ അറിയിച്ചു.