കൊല്ലം∙ കോർപറേഷനും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ചേർന്ന് ആശ്രാമം മൈതാനത്ത് ശലഭോദ്യാനം നിർമാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമാകാനിരിക്കെ കാടു കയറിയ നിലയിൽ. ശലഭോദ്യാനം നിർമാണത്തിനായി തറയോടുകളും ഇരുമ്പുകമ്പികളും സ്ഥാപിച്ചതോടെ പ്രദേശത്ത് സ്വാഭാവികമായി ഉണ്ടായിരുന്ന ശലഭങ്ങളെ പോലും ഇപ്പോൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. കോർപറേഷൻ പരിധിയിൽ പുതിയ മിയാവാക്കി വനം നിർമാണ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് ഈ അവസ്ഥ.
ആശ്രാമം പൈതൃക കേന്ദ്രത്തിന്റെ 10 സെന്റ് വസ്തുവിൽ പോർട്ട് ഓഫിസിനും അഡ്വഞ്ചർ പാർക്കിനും സമീപത്താണ് ശലഭ ഉദ്യാനം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷം മേയിൽ മേയർ ഉദ്ഘാടനം ചെയ്തതിനു ശേഷം തറയോടുകൾ പാകുന്നതും ചെടികൾ പടർന്നു പന്തലിക്കാനുള്ള ഇരുമ്പ് കമ്പികൾ സ്ഥാപിച്ചതുമല്ലാതെ മറ്റൊന്നും പ്രദേശത്ത് നടന്നിട്ടില്ല. ജൈവ വൈവിധ്യ ബോർഡിനാണ് നിർമാണ–മേൽനോട്ട ചുമതല. ഉദ്യാനത്തിനായി 6 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ബീച്ചിന് എതിർവശത്തെ ജലകേളി കേന്ദ്രത്തിന് സമീപം 5.5 സെന്റ് സ്ഥലത്ത് മിയാവാക്കി വന നിർമാണത്തിനായി 3 ലക്ഷം രൂപയും വനത്തിന്റെ സുരക്ഷാ വേലിയ്ക്കായി 5.5 ലക്ഷം രൂപയും അനുവദിച്ചതായി കഴിഞ്ഞ കൗൺസിലിൽ മേയർ അറിയിച്ചിരുന്നു. അതേ സമയം ആശ്രാമം മൈതാനത്തിൽ കോർപറേഷനും വനം വകുപ്പുമായി ചേർന്നു സ്ഥാപിച്ച മിയവാക്കി വനം മികച്ച രീതിയിലാണ് പരിപാലിക്കപ്പെടുന്നത്. ശലഭോദ്യാനം ആശ്രാമം ജൈവ വൈവിധ്യ പൈതൃക കേന്ദ്രത്തിലായതിനാൽ പ്രദേശത്ത് ഇരുന്നോറോളം ഇനത്തിലെ ചിത്രശലഭങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായാണ് ജൈവ വൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ ഉദ്യാനത്തിന്റെ ഉദ്ഘാടന സമയത്ത് പറഞ്ഞിരുന്നത്. നിർമാതളം, ഞാവൽ, വയന, നാരകം, കറിവേപ്പില എന്നീ മരങ്ങൾ നട്ടുപിടിപ്പിച്ചു 2 മാസത്തിനുള്ളിൽ പാർക്കിൽ ശലഭങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം.