ADVERTISEMENT

കരുനാഗപ്പള്ളി ∙ നഗരസഭയുടെ കേശവപുരത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇവിടെ തരം തിരിച്ച് നൂറിലധികം വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. പ്ലാസ്റ്റിക് നിറച്ച വലിയ ചാക്കു കെട്ടുകളും ഇവ സൂക്ഷിച്ചിരുന്ന ചെറിയ ഷെഡും കത്തി നശിച്ചു. തൊട്ടടുത്ത് പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന വലിയ ഷെഡിലേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഇന്നലെ രാവിലെ 9.30 മണിയോടെയാണു മാലിന്യ സംസ്കരണ കേന്ദ്രത്തിനു പടിഞ്ഞാറു മതിൽ പൊളിഞ്ഞു കിടക്കുന്ന ഭാഗത്തു നിന്നു പുക പടരുന്നത് ജോലിക്കാർ കണ്ടത്.

kollam-waste
തീപിടിത്തമുണ്ടായ അഞ്ചാലുംമൂട് പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൽ നിന്നു നീക്കം ചെയ്ത പ്ലാസ്റ്റിക് മാലിന്യം പുറത്ത് കൂട്ടിയിട്ടിരിക്കുന്നു.

വളരെ വേഗത്തിൽ തന്നെ കറുത്ത പുക പരിസരമാകകെ നിറഞ്ഞു. പത്തരയോടെ കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നു ഫയർ ഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. ഹരിത കർമ സേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ എത്തിച്ചു തരം തിരിച്ചു ചാക്കുകളിലാക്കി ക്ലീൻ കേരള കമ്പനിക്കു നൽകുന്നത്.ഒരു ദിവസം നഗരസഭയിലെ 35 ഡിവിഷനുകളിൽ നിന്നായി 10 ലോഡ് പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ എത്തുന്നത്.  2 ദിവസം മുൻപാണു ക്ലീൻ കേരള കമ്പനി എത്തി തരം തിരിച്ച  പ്ലാസ്റ്റിക്  കൊണ്ടു പോയത്.

ഇവർ ചാക്കു കെട്ടുകൾ എടുത്ത നിരയിൽ ഉണ്ടായ വിടവ് മറ്റു ഭാഗങ്ങളിലേക്കു തീ പടരാതിരിക്കാൻ സഹായിച്ചു.മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അപ്രതീക്ഷിതമായി  തീ പടർന്ന സംഭവത്തിൽ അട്ടിമറി നടന്നോ എന്നു സംശയമുണ്ടെന്നും ഇതിനക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും നഗരസഭ സെക്രട്ടറി എ.ഫൈസലും പറഞ്ഞു.

അഞ്ചാലുംമൂട്ടിലെ തീപിടിത്തം കോർപറേഷന് പരാതിയില്ല; അന്വേഷണവുമില്ല 

അഞ്ചാലുംമൂട് ∙ കോർപറേഷൻ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യം തീപിടിച്ച സംഭവത്തിൽ പരാതിയില്ലാതെ കോർപറേഷൻ. കെട്ടിടത്തിൽ അവശേഷിച്ച മാലിന്യം നീക്കം ചെയ്യാനും നടപടിയില്ല. അഞ്ചാലുംമൂട്ടിലെ പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൽ തരം തിരിച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് കഴിഞ്ഞദിവസം തീ പടർന്നത്. കെട്ടിടത്തിനു പിറകിൽ കൂട്ടിയിട്ടിരുന്ന ഉപയോഗ യോഗ്യമല്ലാത്ത മാലിന്യത്തിൽ നിന്നാണ് കെട്ടിടത്തിനുള്ളിലേക്ക് തീ പടർന്നത്. ഏകദേശം 25 ടൺ പ്ലാസ്റ്റിക് മാലിന്യം കത്തി.

പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിക്കാൻ ഇടയാക്കിയതിനെ കുറിച്ച് അഭ്യൂഹങ്ങൾ നില നിൽക്കുകയാണ്. മാലിന്യത്തിന് ആരോ തീ കത്തിച്ചതാണെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. എന്നാൽ സംഭവത്തിൽ കോർപറേഷൻ പരാതി നൽകിയിട്ടില്ലാത്തതിനാൽ സംഭവത്തിൽ പൊലീസും പ്രത്യേകിച്ച് അന്വേഷണം നടത്തിയിട്ടില്ല. കെട്ടിടത്തിനുള്ളിൽ തീ പടർന്ന സമയത്ത് പുറത്തേക്ക് വാരിയിട്ട മാലിന്യം ചാക്കുകൾ കെട്ടിടത്തിന് വെളിയിൽ അടുക്കി സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ കെട്ടിടത്തിനുള്ളിൽ നിന്നുള്ള ബാക്കി മാലിന്യങ്ങൾ നീക്കം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇന്നലെ സമീപ ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com