ആര്യങ്കാവ് ( കൊല്ലം) ∙ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരപരുക്കേറ്റു. അമ്പനാട് തേയില തോട്ടത്തിലെ സോപാലിനാണ് (44) ഇന്നലെ രാവിലെ 9ന് അരണ്ടൽ ഡിവിഷനിൽ 14–ാം നമ്പർ ഫീൽഡിൽ വച്ച് പരുക്കേറ്റത്. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്കുള്ള ശുദ്ധജല പൈപ്പിന്റെ തകരാർ പരിഹരിക്കാൻ പോകുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ശുദ്ധജല പൈപ്പ് കാട്ടാന പതിവായി തകർക്കുന്നതിനാൽ അറ്റകുറ്റപ്പണിക്കായി സോപാൽ, അലക്സാണ്ടർ എന്നീ തൊഴിലാളികൾ പോകുമ്പോൾ തേയില തോട്ടത്തിലെ കാട്ടിനുള്ളിൽ പതുങ്ങി നിന്ന ആന ഇവരുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടതോടെ സോപാലും അലക്സാണ്ടറും രണ്ടു വശത്തേക്ക് ഓടി. സോപാലിന്റെ പിന്നിൽ ഓടിയ കാട്ടാന തുമ്പിക്കൈയിൽ ചുറ്റി നിലത്തടിക്കുകയായിരുന്നു. നിലത്തു വീണ സോപാലിനെ ആന കൊമ്പു കൊണ്ട് കുത്തി.
വാരിയെല്ലിന്റെ പിൻ ഭാഗത്തു നിന്ന് കൊമ്പ് ആഴ്ന്നിറങ്ങി മറുവശത്തെത്തി. കുടൽ പുറത്തു വന്ന നിലയിലായിരുന്നു. അലക്സാണ്ടർ അറിയിച്ചതനുസരിച്ച് തൊട്ടടുത്ത് ജോലി നോക്കി വന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തി സോപാലിനെ റോഡിലെത്തിച്ചു. ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ 108 ആംബുലൻസ് എത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോപാലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
തോട്ടത്തിലെ പതിനാലാം നമ്പർ ഫീൽഡിലെ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാത്തത് അന്വേഷിക്കാനായാണ് ഞാനും സോപാലും പോയത്. എല്ലാ ദിവസവും ആന ശുദ്ധജല പൈപ്പ് തകർക്കുന്നതു കൊണ്ട് ഞങ്ങൾ പോയി നോക്കുന്നത് പതിവായിരുന്നു. പെട്ടെന്ന് കാട്ടാന മുന്നിൽ പ്രത്യക്ഷപ്പെട്ടതോടെ ഞങ്ങൾ 2 പേരും രണ്ടു ഭാഗത്തേക്ക് ഓടി. ശേഷം ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ആന സോപാലിനെ തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഞങ്ങൾ എത്തി സോപാലിനെ എടുത്ത് ഉയർത്താൻ ശ്രമിക്കുമ്പോഴാണ് ആനയുടെ കൊമ്പ് ആഴ്ന്നിറങ്ങിയിരിക്കുന്നത് കണ്ടത്. ഇപ്പോഴും ആനയുടെ തുമ്പിക്കൈയിൽ നിന്നും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അലക്സാണ്ടർ