ADVERTISEMENT

കൊല്ലം∙ നഗരമധ്യത്തിൽ വ്യാപിച്ചു കിടക്കുന്ന പാർവതി മില്ലിൽ നിന്ന് ഇപ്പോഴുയരുന്നത് സൈറണുകളല്ല, തൊഴിലാളികളുടെ ആകുലതയുടെ ശബ്ദങ്ങളാണ്. പ്രവർത്തനം നിലച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ആറു  മാസം മുൻപു വരെ വേതനം ഉണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു.

ശമ്പളം മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണു ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന പലരും. മാനേജ്മെന്റ് നഷ്ടത്തിലാണെന്നും കേന്ദ്രസർക്കാരിൽ നിന്നു ഫണ്ട് ലഭിക്കുന്നില്ലെന്നുമാണു തൊഴിലാളികൾക്കു ലഭിക്കുന്ന വിശദീകരണം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ മില്ലിനു മുന്നിൽ ധർണ നടന്നു. സിഐടിയു   സെക്രട്ടറി  എൻ.പത്മലോചനൻ  ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജനറൽ സെക്രട്ടറി അനിൽകുമാർ, എഐടിയുസി സെക്രട്ടറി അജയൻ, ബിഎംഎസ് സെക്രട്ടറി ചന്ദ്രൻ, വി.രാജേന്ദ്രബാബു, പി.കെ.രാജു എന്നിവർ പ്രസംഗിച്ചു. സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ശേഷിക്കുന്ന തൊഴിലാളികൾ.

വലിയ ചരിത്രത്തിന്റെ ഭാഗം

ജയിംസ് ഡേറാഗ് എന്ന ബ്രിട്ടിഷുകാരനാണ് 1884-ൽ മിൽ സ്ഥാപിച്ചത്. ഡേറാഗ്സ് ആൻഡ് മിൽസ് എന്നായിരുന്നു പേര്. സെന്റ് ജോസഫ്സ്‌ കോൺവെന്റ് ജംക്‌ഷൻ മുതൽ പിന്നിലേക്ക് ആശ്രാമം ലിങ്ക് റോഡ്‌ വരെ നീണ്ടുകിടക്കുന്ന പാർവതി മിൽ ജില്ലയിലെ തന്നെ ആദ്യത്തെ യന്ത്രവത്കൃത വ്യവസായ സ്ഥാപനം. ഉടമസ്ഥാവകാശം പലരിൽ നിന്നു കൈമാറി ഒടുവിൽ 1957-ൽ തമിഴ്നാട് സ്വദേശി രാധാകരിമുത്തു ത്യാഗരാജ ചെട്ടിയാർ ഏറ്റെടുത്തതോടെയാണു പാർവതി മില്ലെന്ന് പുനർനാമകരണം ചെയ്യുന്നത്. പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത മില്ലിന്റെ നടത്തിപ്പ് കേന്ദ്രത്തിനായി. 1974ലാണു നാഷനൽ ടെക്സ്റ്റൈൽ കോർപറേഷനു കൈമാറിയത്. 2008 നവംബറിനു ശേഷം പാർവതി മിൽ പ്രവർത്തിച്ചിട്ടില്ല.

ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല

2008 ൽ പാർവതി മില്ലിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ 280 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആനുകൂല്യങ്ങളോ കൃത്യമായ വേതനമോ ലഭിക്കാതെ പലരും പടിയിറങ്ങി. പലർക്കും മറ്റു വഴികളില്ലാതെ വിആർഎസ് എടുത്ത് പോകേണ്ടി വന്നു. ശേഷിക്കുന്ന 41 പേർ മാത്രമാണ് ഇപ്പോഴുള്ളത്. 34 വർഷത്തിലധികമായി പാർവതി മില്ലിന്റെ ഭാഗമായവരാണ് ഇവരിൽ നല്ല പങ്കും. പ്രവർത്തനം നിലച്ചെങ്കിലും രാവിലെ 7നു വന്ന് 3 വരെ ഇരുന്ന് ഹാജർ രേഖപ്പെടുത്തി മടങ്ങേണ്ടിയിരുന്നു. ഏക്കറു കണക്കിനുള്ള സ്ഥലം വൃത്തിയാക്കുക, ഓഫിസ് പരിപാലിക്കുക തുടങ്ങിയവയായിരുന്നു ജോലികൾ. മാസങ്ങൾ കൂടുമ്പോഴാണു ശമ്പളം ലഭിച്ചിരുന്നത്. എന്നെങ്കിലും മില്ലിന്റെ പ്രവർത്തനം പുനരാരംഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ആറു മാസമായി വേതനം മുടങ്ങിയതോടെ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥ.

34 വർഷമായി മില്ലിലെ ജീവനക്കാരനാണ്. എന്നെങ്കിലും പഴയ നിലയിലാകും എന്ന പ്രതീക്ഷയിലാണ് ഇത്ര വർഷവും തുടർന്നത്. ആറ് മാസമായി മുടങ്ങിയ ശമ്പളം എത്രയും വേഗം തരാൻ നടപടി ഉണ്ടാകണം. പി.കെ.രാജു, തൊഴിലാളി

പാർവതി മില്ലിന്റെ ഭാഗമായിട്ടു മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. 41 ജോലിക്കാരാണ് ഇപ്പോഴുള്ളത്. ഇഎസ്ഐ ആനുകൂല്യങ്ങൾ പോലും ഞങ്ങൾക്ക് കിട്ടുന്നില്ല. കാൻസർ,ഹൃദ്രോഗം തുടങ്ങിയവയ്ക്കു ചികിത്സയിലിരിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്. എ.അനിൽ, തൊഴിലാളി

ആറു മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശികയും 2 വർഷത്തെ ബോണസ് കുടിശികയും ഉടൻ അനുവദിക്കണം. സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്. ജി.ചന്ദ്രൻ, തൊഴിലാളി

പാർവതി മില്ലിന്റെ സ്ഥലത്ത് കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ മില്ലോ മറ്റു വ്യവസായങ്ങളോ ആരംഭിക്കണമെന്നും ഇല്ലെങ്കിൽ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറണമെന്നുമാണു സംയുക്ത സമര സമിതി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിലൊന്ന്. മുടങ്ങിക്കിടക്കുന്ന വേതനം കിട്ടാൻ നടപടി വേണം. അനിൽ കുമാർ, തൊഴിലാളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com