റമസാൻ മാസത്തെ വരവേറ്റ് വിശ്വാസി സമൂഹം

ചിന്നക്കട ജുമാ മസ്ജിദിൽ നടന്ന തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
SHARE

കൊല്ലം ∙ ആത്മീയ ചൈതന്യത്തിന്റെ വ്രത നാളുകൾക്കു തുടക്കം കുറിച്ചു റമസാൻ മാസത്തെ വരവേറ്റു വിശ്വാസി സമൂഹം. കടുത്ത ചൂടിലും ഹൃദയത്തിൽ വിശുദ്ധിയുടെ കുളിർമ കാത്തു കൊണ്ടാണ് ഓരോ വിശ്വാസിയും റമസാനിലെ ആദ്യ നോമ്പ് അനുഷ്ഠിച്ചത്. പള്ളികൾ ഖുർആൻ പാരായണം കൊണ്ടും നമസ്കാരങ്ങൾ കൊണ്ടും മുഖരിതമായി. രാപകലുകളെ പ്രാർഥനകൾ കൊണ്ടു നിറച്ചു റമസാൻ മാസത്തെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികൾ.

റമസാനിലെ ആദ്യത്തെ 10 ദിനങ്ങൾ കാരുണ്യത്തിന്റെയും രണ്ടാമത്തെ 10 ദിനങ്ങൾ പാപ മോചനത്തിന്റെയും അവസാന 10 ദിവസങ്ങൾ നരക മോചനത്തിന്റെതുമായാണു കണക്കാക്കുന്നത്. ഓരോ പത്തിനും പ്രത്യേക പ്രാർഥനകളുമുണ്ട്. രാത്രിയിൽ നടക്കുന്ന തറാവീഹ് നമസ്കാരമാണ് റമസാനിലെ പ്രത്യേകമായ പ്രധാന നമസ്കാരം.പള്ളികളും വീടുകളുമെല്ലാം വൃത്തിയാക്കി മോടി പിടിപ്പിച്ചു റമസാൻ മാസത്തെ കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ.  സമൂഹ നോമ്പു തുറകളും ഇഫ്ത്താർ മീറ്റുകളും ഇനി സജീവമാകും.

കാരുണ്യത്തിന്റെയും നന്മയുടേയും മാസമായതിനാൽ വിശ്വാസികൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന മാസം കൂടിയാണ് ഇത്. ആത്മീയ സംഗമങ്ങളും മത പ്രഭാഷണങ്ങളും ഈ സമയത്ത് നടക്കും. നമസ്കാരവും ഹജ്ജും പോലെ ഇസ്‌ലാമിന്റെ 5 അടിസ്ഥാന കാര്യങ്ങളിൽ‍‌ ഒന്നാണ് റമസാൻ വ്രതാനുഷ്ഠാനം. നന്മകൾ അധികരിപ്പിക്കുന്നതിനൊപ്പം ചെയ്തു പോയ തെറ്റുകൾക്കു പരിഹാരം കാണാനും അടുത്ത കാലത്തേക്കുള്ള മാനസിക മുന്നൊരുക്കം നടത്താനും കൂടിയുള്ള സമയമാണു നോമ്പ്് കാലം. പകൽ ഉപവാസവും രാത്രിയിൽ ഉപാസനയുമായി വിശ്വാസി മനസ്സുകളിൽ ഇനി ആത്മീയ വിശുദ്ധി നിറയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS