കരിങ്ങന്നൂർ ∙ വീട് കത്തി നശിച്ചതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ നിർധന വയോധിക കഷ്ടപ്പെടുന്നു. ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ബന്ധപ്പെട്ടു മകളുടെ വീട്ടിലാണ് താൽക്കാലികമായി താമസിക്കുന്നത്. വെളിനല്ലൂർ പഞ്ചായത്തിൽ ആറ്റൂർക്കോണം വാർഡിൽ താന്നിമൂട്ടിൽ നീലക്കോണം പട്ടികജാതി കോളനിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന 68 വയസുള്ള ഭാവനിയുടെ വീടാണ് രണ്ട് ദിവസം മുൻപ് അഗ്നിക്കിരയായത്. ആളില്ലാത്ത സമയത്താണ് വീട് കത്തിയത്. തീപിടിത്തത്തിൽ രേഖകൾ കത്തി നശിച്ചു.
തീ ആളിപ്പടരുന്നത് കണ്ട കോളനിയിലെ സമീപവാസികളും സംഭവം അറിഞ്ഞു വന്ന നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കോളനി പ്രദേശത്ത് അഗ്നിശമനസേനക്ക് എത്തിച്ചേരാൻ തക്ക റോഡുകൾ ഇല്ല. തൊഴിലുറപ്പിനു പോയും ജോലി ഇല്ലാത്ത ദിവസങ്ങളിൽ വയലോരങ്ങളിൽ പോയി വീണു കിട്ടുന്ന തേങ്ങകൾ പെറുക്കി കൊത്തിയരിഞ്ഞു കൊപ്രയാക്കി ഉണക്കി മില്ലിൽ കൊണ്ടു പോയി ആട്ടി കിട്ടുന്ന വെളിച്ചണ്ണ വിറ്റുമാണ് ഉപജീവനം കഴിയുന്നത്. സംഭവ ദിവസം പെട്ടിയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5 ലിറ്റർ വെളിച്ചെണ്ണയും 5000 രൂപയും കാണാൻ ഇല്ലെന്ന് ഭവാനി അറിയിച്ചു.
അതിനാൽ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ചു പൂയപ്പള്ളി പൊലീസിൽ പരാതി നൽകി പൂയപ്പള്ളി പൊലീസ്, വില്ലേജ് ഓഫിസ് അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. റിപ്പോർട്ടുകൾ ശേഖരിച്ചു കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തിര സാഹചര്യങ്ങളിൽ കോളനിയിൽ യഥേഷ്ടം എത്തിച്ചേരാനുള്ള റോഡും ശുദ്ധജലവും ഉറപ്പ് വരുത്താൻ ജില്ലാ ഭരണാധികാരികളും പഞ്ചായത്തും മുൻകൈ എടുക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് എം.അൻസറും വാർഡിനെ പ്രതിനീധികരിക്കുന്ന ഗ്രാമപ്പഞ്ചായത്തംഗം പി.ആർ.സന്തോഷും അപകടം സ്ഥലം സന്ദർശിച്ചു. സുമനസുകളുടെ സഹായത്താൽ വയോധികയെ പുനരധിവസിപ്പാക്കാനുള്ള ശ്രമത്തിലാണ് ഇവർ.