കടയ്ക്കൽ∙ റബർ മോഷണ കേസിൽ അറസ്റ്റിലായി ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേ ദിവസം വീണ്ടും മോഷണം നടത്തിയ പ്രതി പിടിയിൽ. അടൂർ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരനെ (45) ആണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8ന് പുലിപ്പാറ പന്തളംമുക്ക് അനൂപ് ഭവനിൽ സോമരാജന്റെ വീട്ടിൽ കയറി ടിവി, ഉരുളി, നിലവിളക്ക് എന്നിവ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ വീണ്ടും പിടിയിലായത്.
കൊല്ലം തിരുവനന്തപുരം ജില്ലകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. രണ്ടു മാസം മുൻപ് ഓട്ടോയിൽ എത്തി ഇണ്ടവിളയിൽ വീട്ടിൽ നിന്നു റബർ മോഷണം നടത്തിയതിന് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ തുളസീധരൻ കഴിഞ്ഞ 7നാണ് ജയിലിൽ നിന്നു ഇറങ്ങിയത്. അന്ന് ഓട്ടോ നമ്പർ പരിശോധിച്ചാണ് തുളസീധരനെ പിടികൂടിയത്. തുളസീധരന്റെ വിരലടയാളം പരിശോധിച്ചാണ് ഇപ്പോഴത്തെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.