ചവറ∙ അംഗനമാർ തോൽക്കുന്ന അംഗലാവണ്യവുമായി ആയിരക്കണക്കിനു പുരുഷൻമാർ സ്ത്രീവേഷം ചമഞ്ഞു കൊറ്റൻകുളങ്ങര തമ്പുരാട്ടിക്കു മുന്നിൽ ചമയവിളക്കേന്തി. മീനം 10നും 11നും ആണ് പ്രസിദ്ധമായ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക്. ആദ്യ ദിവസമായിരുന്നു ഇന്നലെ. ക്ഷേത്രത്തിനു സമീപമുള്ള താൽക്കാലിക ചമയപ്പുരകളിൽ നിന്നും വീടുകളിൽ നിന്നും സ്ത്രീയായി വേഷപ്പകർച്ച നടത്തി ബാലന്മാർ മുതൽ വയോധികർ വരെ അഭീഷ്ട സിദ്ധിക്കായി അമ്മയ്ക്കു മുന്നിൽ വിളക്കേന്തി.
ചമയപ്പുരകളിലെത്തി സ്ത്രീവേഷധാരികളായവരെ കൂടാതെ ക്ഷേത്ര പരിസരത്തു ഭർത്താക്കന്മാരെ അണിയിച്ചൊരുക്കുന്ന ഭാര്യമാരെയും സഹോദരന്മാരെ ഒരുക്കാനെത്തിയ സഹോദരിമാരെയും മക്കളെ വേഷമണിയിക്കുന്ന അമ്മമാരെയും കാണാമായിരുന്നു. വൈകിട്ട് അപ്രതീക്ഷിതമായി പെയ്ത മഴയിലും തണുക്കാത്ത ആവേശത്തിൽ കടത്താട്ടുവയലിൽ കെട്ടുകാഴ്ച നടന്നു. കെട്ടുകാഴ്ച കണ്ട് അനുഗ്രഹം ചൊരിഞ്ഞ് ദേവീചൈതന്യം തിരിച്ചെത്തിയതോടെ ക്ഷേത്രത്തിൽ ദീപാരാധനയായി.തുടർന്നു ശ്രീകോവിലിനു മുന്നിലെ കൽവിളക്കിൽ നിന്ന് അംഗനാവേഷധാരികൾ ചമയവിളക്കിലേക്കു ദീപം പകർന്നു തുടങ്ങി.
വേഷപ്രച്ഛന്നരായി വിളക്കെടുക്കാനെത്തിയവരും അവരെ അനുഗമിച്ചവരും ദർശനത്തിന് എത്തിയവരെക്കൊണ്ടും ക്ഷേത്ര പരിസരം നിറഞ്ഞു. പുലർച്ചെ മൂന്നോടെ ചമയവിളക്കേന്തിയവർ ക്ഷേത്രം മുതൽ കുഞ്ഞാലുംമൂട് വരെ റോഡിനിരുവശവുമായി അണിനിരന്നു. ദേവീ ചൈതന്യമാവാഹിച്ച ജീവതയും കുടയും ഉടവാളുമായി വെളിച്ചപ്പാടിന്റെ അകമ്പടിയിൽ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത് കുഞ്ഞാലും മൂട്ടിലെത്തി ഉറഞ്ഞുതുള്ളി വിളക്കു കണ്ട് അനുഗ്രഹവർഷം ചൊരിഞ്ഞു പുലർച്ചെ അഞ്ചരയോടെ ക്ഷേത്ര തീർഥക്കുളത്തിൽ ആറാട്ട് നടത്തി കുരുത്തോലപ്പന്തലിൽ ഉപവിഷ്ടയായതോടെ ആദ്യ ദിനത്തിലെ ചമയവിളക്കെടുപ്പ് സമാപിച്ചു.രണ്ടുനാൾ ഒരേ ചടങ്ങുകൾ ആവർത്തിക്കുന്നതും ഇവിടത്തെ മാത്രം സവിശേഷത. ഇന്നു കുളങ്ങര ഭാഗം, കോട്ടയ്ക്കകം കരകളുടെ നേതൃത്വത്തിൽ ചമയവിളക്കു നടക്കും.