കുളത്തൂപ്പുഴ∙ സാംസ്കാരിക വകുപ്പും സാംസ്കാരിക കേന്ദ്രമായ ഭാരത് ഭവനും സംസ്ഥാനത്തെ ആറിടങ്ങളിലായി സംഘടിപ്പിച്ച ഗോത്രകലായാത്ര തളിർമിഴി എർത്ത്‌ലോർ സാംസ്കാരികോത്സവത്തിന് ഇന്ന് കുളത്തൂപ്പുഴയിൽ സമാപനം. വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ കല്ലുവെട്ടാംകുഴി വനം മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യാഥിതിയാകും.
ഫെബ്രുവരി 26ന് അട്ടപ്പാടിയിൽ തുടക്കമിട്ട ഗോത്രകലായാത്ര പാലക്കാട്, വയനാട്, കാസർകോട്, ഇടുക്കി എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലെ ഗോത്രകലാവതരണങ്ങൾ പൂർത്തിയാക്കിയാണു കുളത്തൂപ്പുഴയിലെത്തിയത്. ഒരോ ജില്ലകളിലും സമം പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലെ മികച്ച 5 ഗോത്രവനിതകളെയും പുരുഷ വ്യക്തിത്വങ്ങളെയും തളിർമിഴിയുടെ ഭാഗമായി ആദരിച്ചു.
കുളത്തൂപ്പുഴയിലും ആദരം നടക്കും. ഗോത്ര വിദ്യാർഥികൾക്കായി ക്രാഫ്റ്റ്, ഗോത്രഗീതം എന്നിവയിൽ മത്സരങ്ങളും കുളത്തൂപ്പുഴയിൽ പൂർത്തിയാക്കും. കടമ്മനിട്ടയുടെ വിഖ്യാത കവിതയായ ‘കുറത്തി’യുടെ സംഗീത ശിൽപാവിഷ്കാരവും ഗോത്രസമൂഹത്തിന്റെ തനിമ ചോരാത്ത ഗാനനൃത്താവിഷ്കാരങ്ങളുടെയും സമാപനം ഇന്നുണ്ടാകും.
പ്രകൃതിദത്ത വേദികളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ രംഗവേദികളിലാണു ഗോത്രകലാവിഷ്കാരങ്ങൾ അരങ്ങേറുന്നതെന്നതാണു ശ്രദ്ധേയം. സമാപനം പൂർത്തിയായാൽ വൈകാതെ ഗോത്രകലാവിഷ്ക്കാരങ്ങളുടെ ഒാൺലൈൻ വെബ്കാസ്റ്റ് ചെയ്യുമെന്നു ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.