വീട്ടുകാർ ഉത്സവത്തിനു പോയ സമയത്ത് 20 പവൻ കവർന്നു
Mail This Article
പത്തനാപുരം∙ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് 20 പവൻ സ്വർണം കവർന്നു. പിടവൂർ തടവിള വീട്ടിൽ നിർമലയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷ്ടാക്കൾ അപഹരിച്ചത്. തിങ്കൾ രാത്രി 7നു ശേഷമായിരുന്നു സംഭവം. പ്രദേശത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവമായിരുന്നതിനാൽ വീട്ടിലുള്ളവരെല്ലാം അവിടെയായിരുന്നു. വൈകിട്ട് 5.30ന് പോയി രാത്രി 8നു ശേഷമാണ് ഇവർ മടങ്ങിയെത്തിയത്. അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ പിൻഭാഗത്തെ വെന്റിലേഷൻ തകർത്ത നിലയിലാണ്. ഇത് വഴി അകത്തു കടന്ന മോഷ്ടാക്കൾ, അലമാരയുടെ മുകളിൽ സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെത്തി, അലമാര തുറന്ന് സ്വർണം അപഹരിക്കുകയായിരുന്നുവെന്നാണ് നിഗമനം. നിർമല, മകന്റെ ഭാര്യ, ഇളയ മകൻ എന്നിവരാണ് ഇവിടെയുള്ളത്. പത്തനാപുരം പൊലീസ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പത്തനാപുരം എസ്എച്ച്ഒ ജയകൃഷ്ണൻ പറഞ്ഞു.