കൊല്ലം ∙ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കു സഹപ്രവർത്തകനെ ക്രൂരമായി വധിച്ച കേസിലും ജീവപര്യന്തം ശിക്ഷ. പാർവത്യാർ മുക്കിലെ ശ്രീജ വെൽ വർക്സിലെ ജീവനക്കാരനായിരുന്ന വടക്കേവിള സ്വദേശി സുരേഷ്ബാബു (സുര– 41)വിനെ മദ്യപിച്ചതിന്റെ പങ്കു പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചുറ്റികയും കമ്പിപ്പാരയും ഉപയോഗിച്ച് അടിച്ചുകൊന്ന കേസിലാണ് പട്ടത്താനം സ്വദേശി സുനിൽ കുമാറിന്(54) ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും കൊല്ലം നാലാം അഡീഷനൽ ജില്ലാ കോടതി ജഡ്ജി എസ്.സുഭാഷ് വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക സുരേഷ്ബാബുവിന്റെ അമ്മ ലളിതയ്ക്കും സഹോദരൻ സുജൻബാബുവിനും നൽകണമെന്നും ഉത്തരവിലുണ്ട്.അമ്മ പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ ഈ മാസം 8നു സുനിൽകുമാറിനു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പൂർത്തിയായ ശേഷമാണ് സുര വധക്കേസിൽ തടവിന് ശിക്ഷിക്കപ്പെട്ടത്. സുര വധത്തെ തുടർന്നു ജയിലിൽ ആയ സുനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കിയത് അമ്മ ആയിരുന്നു. സ്വത്തിനു വേണ്ടിയാണ്, പിന്നീട് അമ്മയെ കൊലപ്പെടുത്തിയത്.
2015 ഡിസംബർ 26ന് പട്ടത്താനം പാർവത്യാർ മുക്കിലുള്ള കിണർ റിങ് വാർക്കുന്ന സ്ഥലത്താണ് സുരയെ കൊലപ്പെടുത്തിയത്. മരപ്പണിക്കാരനായ പ്രതി സുനിൽ, കൊല്ലപ്പെട്ട സുരേഷ്ബാബു, കൃഷ്ണൻകുട്ടി, സ്ഥാപനത്തിന്റെ ഉടമ ശ്രീകുമാർ, അതിഥിത്തൊഴിലാളി എന്നിവർ മതിലിന്റെ പണിക്കു പോയി മടങ്ങിവന്നപ്പോൾ പിരിവെടുത്തു മദ്യം വാങ്ങി കഴിച്ചു.
പണിക്ക് ലഭിച്ച 600 രൂപ കൂലിയിൽ മദ്യത്തിന്റെ വിഹിതം കഴിച്ചുള്ള തുകയായ 365 രൂപ വീതം സുരേഷ്ബാബുവിനെ ഏൽപിച്ച് ശ്രീകുമാറും അതിഥിത്തൊഴിലാളിയും വീട്ടിൽ പോയി. എന്നാൽ, തനിക്ക് 500 രൂപ വേണമെന്ന് ആവശ്യപ്പെട്ടു സുനിൽകുമാർ സുരയുമായി തർക്കവും പിടിവലിയും ഉണ്ടായി.തുടർന്നു സുനിൽ ചുറ്റിക കൊണ്ട് സുരയെ ക്രൂരമായി ആക്രമിച്ചു.തടഞ്ഞ കൃഷ്ണൻകുട്ടിയെയും ചുറ്റി കൊണ്ട് അടിച്ചു. പിന്നീട് കത്താൾ കൊണ്ട് സുരേഷ് ബാബുവിനെ പലതവണ കുത്തി. വലിയ കമ്പിപ്പാര ഉപയോഗിച്ചും ഇടിച്ചു. പിറ്റേന്ന് രാവിലെയാണ് സുരേഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ 63 മുറിവുകളാണ് സുരേഷ് ബാബുവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. 2 മുറിവ് ഉറുമ്പരിച്ചതും ബാക്കിയുള്ള 61 എണ്ണം അടിയേറ്റും ഉണ്ടായതാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ബി.മഹേന്ദ്ര ഹാജരായി. കൊല്ലം കൺട്രോൾ റൂം സിഐ ആയിരുന്ന ഇപ്പോഴത്തെ ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.