ഓച്ചിറ∙ അധ്യയന വർഷത്തിൽ പഠിച്ച കാര്യങ്ങൾ നടപ്പിലാക്കി കാണിച്ച് ഒരുകൂട്ടം വിദ്യാർഥികൾ. കേരള സിലബസിൽ പഠിച്ച ആശംസാ കാർഡ് നിർമാണവും കത്തെഴുതലും എങ്ങനെ പ്രാവർത്തികമാക്കാം എന്ന ചിന്തയിൽ നിന്ന് ഉടലെടുത്ത ‘കത്തും കരുതലും’ എന്ന പരിപാടിയിലൂടെ വിദ്യാർഥികൾ കത്തെഴുതിയത് വൃദ്ധസദനത്തിലെ മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും.

ഓച്ചിറ ഗവൺമെന്റ് ഹൈസ്കൂളിലെ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സിലെ കുട്ടികളാണ് ഈ വ്യത്യസ്തമായ ആശയത്തിൽ ഒത്തുചേർന്നത്. സിലബസിന്റെ ഭാഗമായി ഒന്നും രണ്ടും ക്ലാസ്സുകാരെ ആശംസാ കാർഡ് നിർമിക്കാനും മൂന്നും നാലും ക്ലാസുകാരെ കത്തെഴുതാനും പഠിപ്പിച്ചിരുന്നു. പഠനം കഴിഞ്ഞപ്പോൾ, കത്തുകളും ആശംസാകാർഡുകളും ഒരിക്കലും കിട്ടാത്ത ആൾക്കാരിലേക്ക് എത്തിക്കാൻ സാധിക്കുമോ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു പദ്ധതി ഉണ്ടായതെന്ന് അധ്യാപിക നിസ സലീം പറഞ്ഞു.

കത്തുകളൊക്കെ എഴുതി പോസ്റ്റ് ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചതെങ്കിലും അതു വായിക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന സന്തോഷം കുട്ടികൾക്ക് നേരിട്ട് കാണാൻ പറ്റില്ലോ. തുടർന്നാണ് വൃദ്ധസദനത്തിലെത്തി ഇവ നേരിട്ടു കൈമാറാമെന്ന തീരുമാനത്തിലെത്തിലത്. കൂടെ കുട്ടികളുടെ സമ്മാനമായി വീട്ടിൽ നിന്ന് ഒരു പൊതി ചോറും കരുതി. പ്രവേശനം 25 പേർക്കു മാത്രമായിരുന്നതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുത്തത്. 25 കുട്ടികളുമായി പോയി എല്ലാ കുട്ടികളുടെയും കത്തും ആശംസാകാർഡുകളും അവിടെ എത്തിച്ചു.
ഇതോടൊപ്പം കുട്ടികൾ തന്നെ ശേഖരിച്ച തുണിത്തരങ്ങൾ, പുതിയ െബഡ്ഷീറ്റുകൾ, കസവ് മുണ്ട്, തോർത്ത്, സോപ്പ്, തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ കിറ്റും കുട്ടികൾ സമ്മാനിച്ചു. മുത്തച്ഛൻമാരെയും മുത്തശ്ശിമാരുടെയും സന്തോഷത്തിൽ പങ്കുചേർന്ന് പാട്ടും ഡാൻസുമൊക്കെ അവതരിപ്പിച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്.