ADVERTISEMENT

അച്ചൻകോവിൽ∙ നെഞ്ചുവേദന മൂലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പട്ടികജാതി യുവാവിനു പ്രാഥമിക ശുശ്രൂഷ പോലും കിട്ടാത്തതിനെത്തുടർന്നു താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പ്രാഥമിക ശുശ്രൂഷ നൽകാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അച്ചൻകോവിൽ കുട്ടത്തിമണ്ണിൽ ഷാജി (41) ആണു മരിച്ചത്. കൂലിപ്പണിക്കാരനാണ്.

ഇന്നലെ രാവിലെ 9നു പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാജിയെ വീട്ടുകാർ അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഒരു നഴ്സും ലാബ് അസിസ്റ്റന്റും മാത്രമാണ് ഉണ്ടായിരുന്നത്. ഷാജിക്കു പൾസ് നിരക്ക് കുറവാണെന്നു കണ്ടു പുനലൂർ താലൂക്ക് ആശുപ്രത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശിക്കുകയായിരുന്നു. ജീപ്പിൽ കയറ്റി പുനലൂരിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ചൻകോവിലിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ നിലനിർത്താൻ സാധിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. നിലവിൽ, വനംവകുപ്പിന്റെ ഒരു ആംബുലൻസ് ഇവിടെയുണ്ടെങ്കിലും അതു കിട്ടാൻ വൈകുമെന്നു കണ്ടാണു ജീപ്പിൽ കൊണ്ടുപോയത്. 3.33 കോടി രൂപ ചെലവിട്ടു നിർമിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബറിലായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെന്നും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും ഉദ്ഘാടനം നിർവഹിച്ച മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു.

24 മണിക്കൂർ ആംബുലൻസ് സേവനം ലഭ്യമാകുമെന്ന മന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. 3 നിലയുള്ള ആശുപത്രി കെട്ടിടത്തിൽ ഡോക്ടർമാർക്കും ജീവവനക്കാർക്കും താമസിക്കുന്നതിനുള്ള സൗകര്യം വരെ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഡോക്ടറുടെ സേവനം മുടങ്ങാതെ ലഭ്യമാകുമെങ്കിൽ മറ്റു ചികിത്സാ മാർഗങ്ങളില്ലാത്ത ആദിവാസി മേഖലയിലെ രോഗികൾക്ക് ആശ്വാസമാകുമായിരുന്നു. ലേഖയാണ് ഷാജിയുടെ ഭാര്യ. അമ്പാടി, പൊന്നു എന്നിവർ മക്കളാണ്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് സംസ്കാരം നടത്തും.

കോടികൾ വെറുതേയായി; ചികിത്സ ലഭിക്കാതെ ജീവൻ പൊലിയുന്നു

അച്ചൻകോവിൽ∙ കോടികൾ മുടക്കിയിട്ടും ആദിവാസി മേഖലയായ അച്ചൻകോവിൽ ഗ്രാമവാസികൾക്കു ചികിത്സ ഇന്നും അന്യം; സർക്കാർ വാക്കും പാഴായി, ഇപ്പോഴും ചികിത്സ ലഭിക്കാതെ ജീവനുകൾ പൊലിയുന്നു. യഥാസമയം ചികിത്സ കിട്ടാതെ ആദിവാസികളടക്കമുള്ളവർ മരണത്തിനു കീഴ്പ്പെട്ടതോടെയാണ് ആധുനിക സംവിധാനമുള്ള ആതുരാലയത്തെക്കുറിച്ചു സർക്കാർ ചിന്തിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ 3 വർഷം മുൻപു പുതിയ ആശുപത്രിക്കു തറക്കല്ലിട്ടു പണിയും ആരംഭിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 4ന് മന്ത്രി വീണാ ജോർജാണ്, 3.33 കോടി രൂപ ചെലവഴിച്ചു 3 നിലകളിലായി പണിത ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 

കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ മെഡിക്കൽ ഓഫിസർ അ‍ടക്കം ഇവിടെ രണ്ടു ഡോക്ടർമാരാണുള്ളത്. ഇതിൽ സ്ഥിരമായി എത്തുന്ന ഡോക്ടർ രാവിലെ 10.30നു വരികയും ഉച്ചയ്ക്കു 2നു തിരികെപ്പോകുകയും ചെയ്യുമെന്നാണു നാട്ടുകാർ പറയുന്നത്. മെഡിക്കൽ ഓഫിസർ ആഴ്ചയിൽ 2 ദിവസം മാത്രമാണ് എത്തുന്നതും. ബസിന്റെ സൗകര്യം നോക്കി ഡോക്ടർ എത്തുന്നതിനാൽ രോഗികളും ഈ സമയത്താണു ഡോക്ടറെ കാണാൻ എത്തുന്നതും. ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഉണ്ടെങ്കിലും ആരും ഇതു പ്രയോജനപ്പെടുത്തില്ല. 

വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന അച്ചൻകോവിലിൽ നിന്നു 49 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണു നാട്ടുകാർ ചികിത്സയ്ക്കായി പോകുന്നത്. ഇത് ഒഴിവാക്കാനാണ് ഇത്രയും രൂപ ചെലവഴിച്ച് ഇവിടെ ആശുപത്രി നിർമിച്ചത്.ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിച്ചതായി ഉദ്ഘാടന സമയത്തു മന്ത്രി അറിയിച്ചിരുന്നു. 9 സ്ഥിരം ജീവനക്കാരെയും 2 എൻഎച്ച്എം ജീവനക്കാരുമടക്കം 11 പേരെ നിയമിച്ചെന്നാണു മന്ത്രി യോഗത്തിൽ അറിയിച്ചത്. മന്ത്രിയുടെ വാക്ക് പാഴായതാണോ ജീവനക്കാർ ജോലിക്ക് എത്താത്തതാണോ അച്ചൻകോവിൽ ആശുപത്രിയിൽ സംഭവിക്കുന്നതെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com