അധികൃതർ അറിയാൻ; പാർക്കുകൾ വിനോദത്തിനാണ് പൂട്ടിയിടാനല്ല

Mail This Article
കൊല്ലം ∙ സ്കൂളുകളെല്ലാം വേനൽ അവധിക്കായി അടയ്ക്കുകയാണ്. ഇനി കുട്ടികൾക്ക് വിശ്രമത്തിന്റെയും വിനോദങ്ങളുടേയും ദിനങ്ങളാണ്. എന്നാൽ കുട്ടികൾക്കുള്ള പ്രധാന വിനോദ കേന്ദ്രങ്ങളാകേണ്ട നഗരത്തിലെ ചില പാർക്കുകൾ പണിയെല്ലാം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു പൂട്ടി ഇട്ടിരിക്കുകയാണ്. ഇന്നോ നാളെയോ തുറക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഈ അവധിക്കാലത്തെങ്കിലും പാർക്കുകൾ തുറക്കുമോ എന്നറിയാതെ കാത്തിരിക്കുകയാണ് കുട്ടികൾ.
പാർക്കുകൾ കൊണ്ടു സമ്പന്നമായ നഗരമാണ് കൊല്ലം. എന്നാൽ നിർമിച്ചു ഉദ്ഘാടനം ചെയ്യുന്ന പോലെ തുറന്നു നൽകാനും പരിപാലിക്കാനും കുട്ടികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും കൂടി സാധിക്കണമെന്നാണു നാട്ടുകാരുടെ അഭിപ്രായം. വേനലവധിക്കാലം ഇങ്ങെത്തി നിൽക്കെ പാർക്കുകൾ തുറന്നു പ്രവർത്തിക്കാൻ അധികൃതർ നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.
∙തങ്ങൾ കുഞ്ഞ് മുസല്യാർ പാർക്ക്
സ്ത്രീ സൗഹൃദ പാർക്കായി ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്നതാണ് ആശ്രാമത്തുള്ള തങ്ങൾ കുഞ്ഞ് മുസല്യാർ പാർക്ക്. എന്നാൽ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനോ വൃത്തിയായി സൂക്ഷിക്കാനോ ഇതുവരെ നടപടിയായിട്ടില്ല. കാട് പിടിച്ചു വൃത്തിഹീനമായി കിടക്കുകയാണ് ഇപ്പോൾ പാർക്ക്.
പാർക്കിന്റെ സമീപത്തു നിന്ന് മാലിന്യവും ഉണങ്ങിയ ഇലയുമെല്ലാം കത്തിച്ചപ്പോൾ പാർക്കിന്റെ ചില വയറിങുകൾ ഉരുകിപ്പോയിരുന്നു. ആ പ്രശ്നത്തിന്റെ പേരിലാണ് ഇപ്പോൾ പാർക്ക് തുറന്നു നൽകാതിരിക്കുന്നത്. പ്രശ്നം പരിഹരിച്ച് ഉടൻ തന്നെ പാർക്ക് തുറന്നു നൽകുമെന്നാണ് അധികൃതരുടെ വിശദീകരണം.
∙ ആശ്രാമം ചിൽഡ്രൻസ് പാർക്ക്
നഗരത്തിലെ പ്രധാന പാർക്കുകളിലൊന്നായ ആശ്രാമം ചിൽഡ്രൻസ് പാർക്കിന്റെ അവസ്ഥ മറ്റൊന്നാണ്.പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ സജ്ജീകരണങ്ങളോ റൈഡുകളോ ഇല്ലെന്നായിരുന്നു പരാതി. പരാതി പരിഹരിക്കാനുള്ള നടപടികളും പുതിയ കരാറിനുള്ള ടെൻഡർ നടപടികളും പുരോഗമിക്കുകയാണെന്നുമാണ് അധികൃതർ പറയുന്നത്. ഡിടിപിസിയുടെ കീഴിലാണ് ആശ്രാമം ചിൽഡ്രൻസ് പാർക്ക് പ്രവർത്തിക്കുന്നത്.കാഴ്ച വസ്തുവായി കടപ്പാക്കട കുട്ടികളുടെ പാർക്ക്
3 വർഷം മുൻപ്, 2019 നവംബറിലാണ് കടപ്പാക്കടയുടെ ഹൃദയഭാഗത്ത് തന്നെയുള്ള വി.ഗംഗാധരൻ പാർക്ക് എന്ന കോർപറേഷന്റെ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തത്. എന്നാൽ നാളുകളായി പൂട്ടും ഇട്ട് റോഡരികിൽ കാഴ്ച വസ്തുവായി നിൽക്കുകയാണ് ഈ പാർക്ക്.അതേ സമയം ചില ഇലക്ട്രിക് ജോലികൾ പൂർത്തീകരിക്കാനെടുക്കുന്ന കാലതാമസമാണ് തുറന്നു കൊടുക്കാൻ വൈകുന്നതിന് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാൽ ഉടൻ തന്നെ തുറന്നു നൽകുമെന്നും അധികൃതർ പറയുന്നു.