പോരാട്ടം ഫലം കണ്ടു ; വനിതാ അഭിഭാഷകർക്ക് സിവിൽ സ്റ്റേഷനിൽ വിശ്രമമുറി

kollam-rest-room
കൊല്ലം ബാറിലെ വനിതാ അഭിഭാഷകർക്കായി അനുവദിച്ച വിശ്രമമുറി
SHARE

കൊല്ലം∙ ബാർ അസോസിയേഷനിലെ വനിതാ അഭിഭാഷകർക്ക് സിവിൽ സ്റ്റേഷനിൽ പുതിയ വിശ്രമമുറി അനുവദിച്ച് കലക്ടർ ഉത്തരവിട്ടു. നിലവിലെ സ്ഥലം പര്യാപ്തമല്ലെന്നു കാട്ടി കാലങ്ങളായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് താൽക്കാലികമായി സ്ഥലം അനുവദിച്ച് ഉത്തരവായത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് മുൻപാകെയായിരുന്നു കേസ്.

ബാർ അസോസിയേഷനിൽ നൽകിയിരുന്ന സ്ഥലത്തിന്റെ പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം കടുത്ത ബുദ്ധിമുട്ടിലായിരുന്നു വനിതാ അഭിഭാഷകർ. സിവിൽ സ്റ്റേഷനിൽ പ്രത്യേകം ഓഫിസ് സൗകര്യം അനുവദിക്കണമെന്ന് പല തവണ കലക്ടർക്ക് അപേക്ഷ നൽകിയിട്ടും സ്ഥലമില്ല എന്നായിരുന്നു മറുപടി.

അഭിഭാഷകർ റവന്യു മന്ത്രിക്ക് നിവേദനം നൽകിയ ശേഷമാണ് സ്ഥല പരിശോധനയ്ക്ക് അധികൃതർ തയാറായത്. പരിശോധനയിൽ സ്ഥലമുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അതിനു വിരുദ്ധമായി ‘ഓഫിസ് അനുവദിക്കാൻ സ്ഥലമില്ല’ എന്ന റിപ്പോർട്ടാണ് കലക്ടറുടെ പ്രതിനിധിയായ ഹുസൂർ ശിരസ്ദാർ കോടതിയിൽ ഹാജരാക്കിയത്.

ശക്തമായ താക്കീത് നൽകിയ ശേഷം കേസ് അവധിക്ക് വയ്ക്കുകയും കലക്ടറുടെ തീരുമാനം പുനഃപരിശോധിച്ച് തീരുമാനമെടുത്ത് അറിയിക്കുകയും ചെയ്യണമെന്ന് ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അഞ്ജു മീര ബിർള നിർദേശിച്ചിരുന്നു.തുടർന്നാണ് പ്രത്യേക സ്ഥലം അനുവദിച്ച് ഇന്നലെ ഉത്തരവിറങ്ങിയത്. താൽക്കാലികമായി അനുവദിച്ചിരിക്കുന്ന സ്ഥലം സ്വന്തം നിലയ്ക്ക് ക്യാബിൻ തിരിച്ച് ഉപയോഗിക്കണമെന്നും ഔദ്യോഗികമായ ആവശ്യമുണ്ടായാൽ ഒഴിഞ്ഞു തരണം എന്നും ഉത്തരവിൽ പറയുന്നു.

ബാർ അസോസിയേഷൻ സെക്രട്ടറി എ.കെ.മനോജ്, ബോറിസ് പോൾ, കെ.ഗോപീഷ് കുമാർ, പ്രമോദ് പ്രസന്നൻ എന്നിവർ ഇന്നലെ ലീഗൽ സർവീസസ് അതോറിറ്റി സിറ്റിങിൽ അഭിഭാഷകർക്കു വേണ്ടിയും ജില്ലാ കലക്ടർക്കു വേണ്ടി ഹുസൂർ ശിരസ്തദാരും ഹാജരായി.അഭിഭാഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ബാർ അസോസിയേഷൻ എന്നും മുന്നിലുണ്ടാവുമെന്ന് പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി എ.കെ മനോജും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA