ADVERTISEMENT

കൊല്ലം∙ കുടുംബശ്രീ ജീവൻദീപം ഒരുമ ഇൻഷുറൻസ് എടുക്കാത്തവരെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കുമെന്നും കുടുംബശ്രീ അയൽക്കൂട്ടങ്ങളെ നിർജീവ ഗ്രൂപ്പുകളായിട്ടാകും പരിഗണിക്കുകയന്നും സിഡിഎസ്  അധ്യക്ഷ ഭീഷണിപ്പെടുത്തുന്നതായി ആരോപണം. നീണ്ടകര പഞ്ചായത്തിലെ നൂറോളം  കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളെയാണു കുടുംബശ്രീ സംസ്ഥാന മിഷന്റെ ഉത്തരവ് ഉണ്ടെന്നു പറഞ്ഞു കേരള സർക്കാരിന്റെ ഒരുമ ഇൻഷുറൻസ് എടുക്കാൻ സമ്മർദം ചെലുത്തുന്നത്.   

സംസ്ഥാന മിഷന്റെ ഉത്തരവ് നടപ്പാക്കാൻ ജില്ലാ മിഷൻ നൽകിയ നിർദേശമനുസരിച്ചാണ് എല്ലാ  അംഗങ്ങളും നിർബന്ധമായി ഇൻഷുറൻസിൽ ചേരണമെന്നാണ് സിഡിഎസ്  അധ്യക്ഷ അംഗങ്ങൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. മറ്റ് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളവർ   ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ ഒരുമ ഇൻഷുറൻസിൽ അംഗമാകാൻ താൽപര്യമില്ലെന്ന് അറിയിച്ചു. 

ഇതോടെ കുറഞ്ഞ പലിശ നിരക്കിലുള്ള ലിങ്കേജ് വായ്പകൾ ലഭിക്കാൻ സിഡിഎസ് നൽകേണ്ട ശുപാർശ കത്ത് ഇൻഷുറൻസ് എടുക്കാത്ത അംഗങ്ങൾക്ക് ഇനി മുതൽ നൽകില്ലെന്നും  കുടുംബശ്രീ യൂണിറ്റിലെ ഒരംഗം ഇൻഷുറൻസ് എടുത്തില്ലെങ്കിൽ യൂണിറ്റിനെ നിർജീവ യൂണിറ്റായി പരിഗണിച്ചു ഫണ്ടുകൾ ലഭ്യമാകുന്നതു തടയുമെന്നും അറിയിച്ചത്. ഇത് ഒഴിവാക്കാൻ ഇൻഷുറൻസിൽ അംഗമാകാൻ താൽപര്യമില്ലാത്തവർ സ്വമേധയാ യൂണിറ്റിൽ നിന്ന് പുറത്തു പോകണമെന്നും നിർദേശമുണ്ട്. 

ജീവൻദീപം ഒരുമ ഇൻഷുറൻസ്

എൽഐസി സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി സഹകരിച്ച് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ജീവൻദീപം ഒരുമ. 18 മുതൽ 74 വയസ്സ് പ്രായമുള്ളവർക്ക് ഇൻഷുറൻസിൽ അംഗമാകാം. 18–50 പ്രായപരിധിയിലുള്ളവർക്ക് മരണം സംഭവിച്ചാൽ ഒരു ലക്ഷവും 51–60 പ്രായപരിധിയിൽ 45,000, 61–70 പ്രായപരിധിയിൽ 15,000, 71–74 പ്രായപരിധിയിൽ 10,000 രൂപ വീതവും ഇൻഷുറൻസ് തുക ലഭിക്കും. അംഗവൈകല്യത്തിന് 25,000 രൂപയും ലഭിക്കും. 174 രൂപയാണ് പ്രീമിയം തുക. അയൽക്കൂട്ടത്തിലെ മരിച്ച അംഗത്തിനു വായ്പ കുടിശികയുണ്ടെങ്കിൽ ഇൻഷുറൻസ് തുകയിൽ നിന്ന് ഈടാക്കിയതിനു ശേഷമാകും കുടുംബത്തിനു നൽകുന്നത്. 2020 ലാണ് പദ്ധതി ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com