കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം വാഹനം പാർക്ക് ചെയ്യാൻ പോയി; തിരയിൽപെട്ട് ബാലിക മരിച്ചു
Mail This Article
കൊല്ലം ∙ കൊല്ലം ബീച്ചിനു സമീപം പെൺകുട്ടി തിരയിൽപ്പെട്ടു മരിച്ചു. കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും റീനയുടെയും മകൾ ജോഷ്ന ജിസൻ (7) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന റീന ഇന്നു(19) നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്കൂൾ വിദ്യാർഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.