ഓച്ചിറ ∙ അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ടു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കടലിൽ നിന്നു കണ്ടെത്തി. മേമന ഷെഹ്ന മൻസിൽ ഷറഫുദീന്റെയും സജിനയുടെ മകൾ ഷെഹ്ന(15) ആണു മരിച്ചത്. പ്രയാർ ആർവിഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ 10-ാംക്ലാസ് വിദ്യാർഥിനിയായിരുന്നു. ഇന്നലെ 12ന് പറയകടവ് അമൃതപുരിക്കു സമീപത്തുനിന്നു മത്സ്യത്തൊഴിലാളികളാണു മൃതദേഹം കണ്ടത്. തുടർന്നു തീരദേശ പൊലീസ് എത്തിയ മൃതദേഹം കരയിലെത്തിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നീണ്ടകര തീരദേശ പൊലീസ് കേസെടുത്തു. കബറടക്കം ഇന്ന് ഓച്ചിറ വടക്കെ ജമാഅത്ത് കബർസ്ഥാനിൽ.
ഞായറാഴ്ച രാത്രി 10ന് ഷെഹ്നയും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറു പേരാണു ബീച്ചിലെത്തിയത്. ഇതിൽ നാലു പേർ ബീച്ചിൽ ഇറങ്ങുകയും ശക്തമായ തിരയിൽപ്പെടുകയുമായിരുന്നു. മൂന്നുപേർ രക്ഷപ്പെട്ടു. കാണാതായ ഷെഹ്നയ്ക്കു വേണ്ടി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ഷെഹ്ന. സഹോദരി ഫിദാ ഫാത്തിമ (അഞ്ചാം ക്ലാസ് വിദ്യാർഥിനി).