ADVERTISEMENT

കൊല്ലം ∙ 5 കോടി രൂപ മുടക്കി തങ്കശ്ശേരി ലൈറ്റ് ഹൗസിനു സമീപം ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ ഭൂമിയിൽ 5.5 കോടി രൂപ മുടക്കി ഒരുക്കിയ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിന്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4 നു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.

കടൽസൗന്ദര്യം നുകരാം

തങ്കശ്ശേരി ബ്രേക്ക് വാട്ടർ സംവിധാനത്തിന്റെ കവാടത്തിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പുലിമുട്ട് വേർതിരിക്കുന്ന കടലിന്റെ ഭാഗത്തെ നോക്കിയാണ് പാർക്കിന്റെ രൂപകൽപന.ഒരു ഭാഗത്ത് ശാന്തമായ കടലും മറുഭാഗത്ത് തിരയടിക്കുന്ന കടലുമാണുള്ളത്.നാനൂറോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽ ഭംഗി ആസ്വദിക്കാനുള്ള വ്യൂ ടവർ, കടലിന് അഭിമുഖമായുള്ള ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം പാർക്കിനോട് അനുബന്ധിച്ചു തയാറാക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ വാട്ടർ സ്പോർട്സ് ക്രമീകരണങ്ങൾ ഒരുക്കാനും ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.

2021ൽ ആദ്യ ഉദ്ഘാടനം

വർഷങ്ങൾ മുൻപ് ആരംഭിച്ചിരുന്ന പാർക്കിന്റെ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. 2021 ഫെബ്രുവരി 21ന് പ്രാരംഭ നിർമാണം നടത്തി പാർക്കിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ നടത്തിപ്പ് അവകാശത്തിന്റെ കാര്യത്തിൽ വകുപ്പുകൾ തമ്മിൽ ധാരണ രൂപപ്പെടാതിരുന്നതോടെ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു നൽകുന്നത് നീണ്ടു പോകുകയായിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ തീരദേശ ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ഇനിയുള്ളത് ഗേറ്റ് നിർമാണം

തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിൽ ഇനി പൂർത്തിയാവാനുള്ളത് കവാടത്തിലെ ഗേറ്റിന്റെ നിർമാണം കൂടിയാണ്. എംഎൽഎ ഫണ്ട് ഉപയോഗിച്ചു ഉടൻ പുതിയ ഗേറ്റ് ഒരുക്കാൻ ഒരുങ്ങുകയാണ് അധികൃതർ. പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, കിയോസ്ക്കുകൾ എന്നിവയുടെ ടെൻഡർ നടപടികളും ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കും.

ഈ മാസം സൗജന്യം, പിന്നെ 10 രൂപ

തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലേക്കുള്ള പ്രവേശനം ഈ മാസം സൗജന്യമായിരിക്കും. അടുത്ത മാസം 10 രൂപയായിരിക്കും പാർക്കിലേക്കുള്ള പ്രവേശന ഫീ. പിന്നീട് നിരക്ക് ഉയർത്തിയേക്കും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാണ് പ്രവേശന സമയമായി നിശ്ചയിച്ചിരിക്കുന്നത്. വാട്ടർ സ്പോർട്സ് പോലെയുള്ള പാർക്കിനുള്ളിലെ മറ്റു പ്രത്യേക സംവിധാനങ്ങളുടെ നിരക്ക് പിന്നീട് നിശ്ചയിക്കും. മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിലാണ് ഫീ സംബന്ധിച്ചു അന്തിമ തീരുമാനമുണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com