ADVERTISEMENT

കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജി.സന്ദീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി– ഒന്ന് ഇന്നു പരിഗണിക്കും. പ്രതിയെ ഇന്നു രാവിലെ 11 നു ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ അധികൃതർക്കു കോടതി നിർദേശം നൽകി.

കേസിൽ കൂടുതൽ ‌തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ 4 ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യം. റിമാൻഡിൽ കഴിയുന്ന സന്ദീപിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണു ഡോക്ടർമാരുടെ റിപ്പോർട്ട്. സന്ദീപിനെതിരെ പരമാവധി തെളിവുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. 

 സന്ദീപിന്റെ ശാരീരിക മാനസിക നിലയെക്കുറിച്ച് പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ പൊലീസ് കോടതിക്കു കൈമാറി. കോടതി അനുമതിയോടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മരണകാരണം ശ്വാസകോശം തുളച്ച മുറിവ്

കൊട്ടാരക്കര∙ ശ്വാസകോശത്തിൽ തുളച്ചു കയറിയ ആഴത്തിലുള്ള മുറിവ് ഡോ.വന്ദന ദാസിന്റെ മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ.വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഫൊറൻസിക് സർജൻ ഡോ.കെ.വത്സലയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. റിപ്പോർട്ട് ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. മുറിവുകൾ ഏറെയും മുതുകിലായിരുന്നു. ഡോ.വത്സലയിൽ നിന്ന് അന്വേഷണ സംഘം ഇന്നലെ വിശദാംശങ്ങൾ ശേഖരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com