ADVERTISEMENT

കൊട്ടാരക്കര∙ മരുന്ന് എടുക്കാൻ നഴ്സ് മുറിക്ക് പുറത്തേക്കു പോയ തക്കം നോക്കി‍യാണു കത്രിക കൈക്കലാക്കിയതെന്നു ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മൊഴി നൽകി. ഈ കത്തി ഉപയോഗിച്ചാണു കൊല നടത്തിയത്. ആശുപത്രിയിൽ സന്ദീപിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രൊസീജ്യർ റൂമിൽ‌ നിന്നാണു ഡ്രസിങ്ങിന് ഉപയോഗിക്കുന്ന കത്രിക കരസ്ഥമാക്കിയതെന്നും കൈക്കലാക്കിയ കത്രിക ആരും കാണാതെ കയ്യിൽ ഒതുക്കിയതെന്നും സന്ദീപ് മൊഴി നൽകി. ചികിത്സ നടത്തിയ പുരുഷ ഡോക്ടറെ (ഡോ. മുഹമ്മദ് ഷിബിൻ) കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമെന്നും പിന്നീട് ലക്ഷ്യം മാറിയെന്നും മൊഴി നൽകി. 6 സെന്റി മീറ്ററിലേറെ കൂർത്ത മുനയുള്ള സ്റ്റീൽ കത്രികയായിരുന്നു കൈവശപ്പെടുത്തിയത്. കത്രിക അന്വേഷണസംഘത്തിന്റെ പക്കലുണ്ട്‍. 3 പേരെ കുത്തി പരുക്കേൽപിച്ച ശേഷം

സന്ദീപ് പാഞ്ഞടുക്കുന്നതു കണ്ട ഡോ. വന്ദന തിരിച്ച് ഓടാൻ ശ്രമിച്ചു. പിന്തുടർന്ന് പിറകിൽ ആഞ്ഞു കുത്തുകയായിരുന്നു. ആദ്യത്തെ കുത്തിന് ആശുപത്രി ജീവനക്കാരി ദൃക്സാക്ഷിയാണ്. രക്ഷിക്കണേ എന്ന ഡോ.വന്ദനയുടെ കരച്ചിൽ കേട്ടെങ്കിലും ഭയം കാരണം ആരും എത്തിയില്ല. മുതുകത്തും തലയ്ക്കുമാണു കുത്തേറ്റത്. കുത്തേറ്റ വന്ദന രക്ഷയ്ക്കായി കരഞ്ഞു വാതിലുകളിൽ മുട്ടിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. സന്ദീപിന്റെ കാലിലെ പരുക്കുകൾ തലേന്ന് കുടവട്ടൂരിൽ വച്ച് ഉണ്ടായതാണെന്നും മതിൽ ചാടിയപ്പോൾ വീണു പരുക്കേറ്റതാണെന്നുമാണു മൊഴി. ഇന്നലെ ഉച്ചയോടെ കുടവട്ടൂരിലെ വീട്ടു പരിസരത്ത് സന്ദീപിനെ തെളിവെടുപ്പിനു കൊണ്ടുപോയി. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.  കഴിഞ്ഞ ദിവസം സന്ദീപിനെ തിരുവനന്തപുരത്ത് എത്തിച്ച്  പ്രത്യേക മെഡിക്കൽ സംഘത്തിന് മുന്നിൽ അഞ്ചര മണിക്കൂർ നീണ്ട വൈദ്യ പരിശോധന നടത്തി.

7 വിദഗ്ധഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നാല് സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെയും ഫിസിഷ്യൻ, സർജൻ, ഓർത്തോപീഡിയാക് വിഭാഗം ഡോക്ടർമാരാണ് പരിശോധന നടത്തിയത്. ശരീരത്തിലെ മുറിവുകളും പാടുകളും പരുക്കുകളും വിശദമായി പരിശോധിച്ചു.കാഴ്ച ശക്തിയും  മാനസിക ആരോഗ്യ നിലയും  ഡോക്ടർമാർ വിലയിരുത്തി. രക്തസാമ്പിളുകൾ ശേഖരിച്ചതായും വിവരം ഉണ്ട്. മൊത്തത്തിൽ കാര്യമായ വിഷയങ്ങളിലെന്നാണു പ്രാഥമിക സൂചന. രാത്രിയിൽ പുത്തൂർ പൊലീസ് സ്റ്റേഷനിലാണ് സന്ദീപിനെ താമസിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

അക്രമം ഇതാദ്യമല്ല

കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസിലെ പ്രതി ജി.സന്ദീപ് ആറു മാസം മുൻപും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അതിക്രമം കാട്ടി‍യെന്നു വെളിപ്പെടുത്തൽ. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിന്നാലെ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. മന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ ഇന്നലെ താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ കൊട്ടാരക്കര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഫൈസൽ ബഷീർ ആണ് 6 മാസം മുൻപുണ്ടായ സംഭവം വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു ഫൈസൽ ബഷീർ. അന്ന് രാത്രി ഏഴരയോടെയാണു സന്ദീപിനെ ചിലർ ചേർന്ന് ആശുപത്രിയിലെത്തിച്ചത്.

സന്ദീപ് വിഷം കഴിച്ചുവെന്നാണു ഡോക്ടർമാരോടു പറഞ്ഞത്. കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച സന്ദീപ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കി. അക്രമവും കാട്ടി. ഡോക്ടറുടെ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. തുടർന്നു സുഹൃത്തുക്കൾ ചേർന്നു ബലം പ്രയോഗിച്ചു കാലുകൾ ബന്ധിച്ച് ആംബുലൻസിൽ തന്നെ തിരികെ കൊണ്ടുപോകുകയായിരുന്നുവെന്നും ഫൈസൽ വെളിപ്പെടുത്തി. സന്ദീപ് അതിക്രമം കാട്ടിയിട്ടും അന്നത്തെ സുരക്ഷാ ജീവനക്കാർ ഇടപെട്ടില്ലെന്നും ഫൈസൽ പറയുന്നു. സംഭവം ആരും പൊലീസിനെ അറിയിച്ചതുമില്ല. വെളിപ്പെടുത്തൽ സംബന്ധിച്ചു അന്വേഷണം നടത്തുമെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ കേസിന് അതു ബലമാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com