ADVERTISEMENT

കൊട്ടാരക്കര∙ പൊലീസിന്റെ ചോദ്യം ചെയ്യൽ കാലാവധി അവസാനിച്ചതോടെ  ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷ 23ന് പരിഗണിക്കും.  ഇന്നലെ   പന്ത്രണ്ടരയോടെയാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി -1 ജഡ്ജി സി.ബി.രാജേഷിന് മുന്നിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സന്ദീപിനെ ഹാജരാക്കിയത്.

ഇരുകാലുകളിലും ബാന്റേജും യൂറിൻ ബാഗുമായാണ് സന്ദീപിനെ എത്തിച്ചത്. സന്ദീപിനായി അഡ്വ. ബി.എ.ആളൂർ ഹാജരായി. സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന മെഡിക്കൽ ബോർഡ് നിർദേശം അടങ്ങിയ റിപ്പോർട്ട്  ജയിൽ അധികൃതർക്ക് കൈമാറി ഉത്തരവ് നൽകി.  ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർച്ചയായി നിരീക്ഷിച്ച് മാനസിക ആരോഗ്യ സ്ഥിതി പരിശോധിക്കാനാണ് ഏഴംഗ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. പ്രൊസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രൊസിക്യൂട്ടർ ഷൈല മത്തായി ഹാജരായി.

കുറ്റപത്രം ഉടൻ

ഡോ.വന്ദന കൊലക്കേസ് കുറ്റപത്രം വേഗത്തിൽ തയാറാക്കാൻ പൊലീസ് ഉന്നതതല നിർദേശം. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിച്ചാലുടൻ കുറ്റപത്രം തയാറാക്കൽ ആരംഭിക്കുമെന്നാണ് വിവരം. ജി.സന്ദീപിന്റെ രക്തസാമ്പിളുകളുടെയും കുത്തേറ്റ് മരിച്ച ഡോ.വന്ദനയുടെ വസ്ത്രങ്ങളുടെയും രാസപരിശോധന ഫലം വൈകാതെ ലഭിക്കുമെന്നാണ് വിവരം. സന്ദീപിന്റെ മൊബൈൽ ഫോണും പരിശോധനയ്ക്ക് അയച്ചു. കേസിന്റെ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.

കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്രിക, ആശുപത്രിയിലെ നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ, സന്ദീപിന്റെ വൈദ്യ പരിശോധന ഫലം എന്നിവയ്ക്ക് പുറമെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരുടെയും ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.

പരിശോധന ഫലം ലഭിച്ചാൽ ഒരു മാസത്തിനകം കുറ്റപത്രം നൽകാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് അക്രമകാരിയായി മാറിയത്. ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ സന്ദീപ് റിമാൻഡിലാണ്. വേഗത്തിൽ കുറ്റപത്രം നൽകി വിചാരണ നടപടികൾ ആരംഭിക്കാനാണ് പൊലീസ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com