കുളത്തൂപ്പുഴ ∙ തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയിൽ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു സമീപം കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ വൻമരം കടപുഴകി പാതയ്ക്കു കുറുകെ വീണു: മടത്തറ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ചരക്കുലോറികളും കുടുങ്ങി. തിരക്കേറിയ പാതയിൽ അപകടസമയത്തു വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. കടയ്ക്കൽ അഗ്നിരക്ഷാനിലയം ജീവനക്കാർ എത്തി മരം മുറിച്ചു നീക്കിയതോടെ പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു.
ഒരു മണിക്കൂർ തോരാതെ പെയ്ത ശക്തമായ മഴയിൽ പക്ഷേ, വേറെ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മഴ പെയ്തതോടെ കനത്ത ചൂടിനും അത്യുഷ്ണത്തിനും തെല്ലൊരാശ്വാസം ലഭിച്ചു. 2020 ഫെബ്രുവരി 22നു പാക് നിർമിത വെടിയുണ്ട കണ്ടെത്തിയ മുപ്പതടിപ്പാലത്ത് പാതയുടെ ഇരുവശവും വനമേഖലയും വശങ്ങളിൽ നിരയായി വന്മരങ്ങളുമുണ്ട്. തണൽ പ്രദേശമായതിനാൽ ദീർഘദൂര യാത്രക്കാർ ഇവിടെ വാഹനം നിർത്തി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും പതിവാണ്. ഈ ഭാഗത്താണ് അപകടമുണ്ടായത്.
അപകടങ്ങൾ ആവർത്തിച്ചിട്ടും പാതയോരങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന വന്മരങ്ങളും പാതയിലേക്കു ചാഞ്ഞ ഇവയുടെ ശിഖരങ്ങളും മുറിച്ചു നീക്കാൻ നടപടി ഇല്ല. പരാതികൾ ശക്തമാകുമ്പോൾ മാത്രം പരാതിപ്പെട്ട സ്ഥലത്തെ മരങ്ങളും ഇവയുടെ ശിഖരങ്ങളും മുറിച്ചു നീക്കി തടി തപ്പുകയാണ് അധികൃതരുടെ രീതി.