പൂർണമായും നിർമിത ബുദ്ധി, മനുഷ്യരുമായി ആശയവിനിമയം നടത്താൻ കഴിവ്; മേളയിൽ താരമായി ഇവ റോബട്

Mail This Article
പാരിപ്പള്ളി∙ കൊല്ലത്ത് നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പാരിപ്പള്ളി യുകെഎഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ‘ഇവ’ റോബട് ശ്രദ്ധേയമായി. പൂർണമായും നിർമിത ബുദ്ധിയിൽ വിദ്യാർഥികൾ കോളജിലെ ഐഇഡിസി ലാബിൽ വികസിപ്പിച്ച റോബട്ടിന് മനുഷ്യരുമായി ആശയവിനിമയം നടത്താനുള്ള കഴിവാണ് പ്രധാന സവിശേഷത.
ടോക്കൺ സംവിധാനം വരെ ഈ റോബട്ടിൽ ഉൾപ്പെടുത്താൻ സാധിക്കും. 2 ആഴ്ച മുൻപ് നടന്ന കോളജ് ഡേയിൽ ചലച്ചിത്ര താരം എം.മുകേഷ് ഇവയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. ഐഇഡിസി നോഡൽ ഓഫിസർ പ്രഫ. ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ എസ്.എസ്.അമർനാഥ്, ആനന്ദ് പ്രകാശ്, എൻ.ഹാജിറ, അതുല്യ അനിൽ, ഹരിലാൽ തമ്പി, ടി.എസ്.രൂപേഷ് എന്നിവരാണ് റോബട് നിർമിച്ചത്.
റോബട് നിർമാണ പരിശീലനം, പൈത്തണിലൂടെ നിർമിതബുദ്ധി, ഇലക്ട്രിക് വാഹന നിർമാണം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ പത്ത്, പ്ലസ്ടു വിദ്യാർഥികൾക്കു സൗജന്യ അവധിക്കാല കോഴ്സുകൾ ജൂൺ രണ്ടാം വാരം കോളജിൽ ആരംഭിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ വി.എൻ.അനീഷ് അറിയിച്ചു. 9526109997.