കൊല്ലം ∙ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന കൊല്ലം പുസ്തകോത്സവം ഇന്ന് സമാപിക്കും. കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പുസ്തക പ്രേമികളുടെയും വലിയ തിരക്കാണ് കഴിഞ്ഞ 4 ദിവസങ്ങളായി അനുഭവപ്പെടുന്നത്. മികച്ച വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കുന്നതിനാൽ ലൈബ്രറികൾ കൂട്ടത്തോടെ പുസ്തകങ്ങൾ വാങ്ങുന്നുണ്ട്.
പുസ്തകോത്സവത്തിൽ ഇന്ന്
സമാപന ദിനമായ ഇന്ന് രാവിലെ 10ന് ‘ഗ്രന്ഥശാലാ പ്രസ്ഥാനവും ചരിത്രവും വളർച്ചയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4നാണ് സമാപനം. ജില്ലാ ലൈബ്രറി കൗൺസിൽ കൊല്ലം ബോയ്സ് ഹൈസ്കൂളിന് നൽകുന്ന 10000 രൂപ വിലയുള്ള പുസ്തകങ്ങൾ കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി.ഷാജിമോൻ ഏറ്റുവാങ്ങും.
വിലക്കുറവുമായി മനോരമ ബുക്സ്
കൊല്ലം പുസ്തകോത്സവത്തിൽ മികച്ച വിലക്കുറവുമായി മനോരമ ബുക്സും. ലൈബ്രറികൾക്ക് 35 % വിലക്കുറവിൽ മനോരമ ബുക്സിന്റെ സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ സ്വന്തമാക്കാം. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരമാണ് പുസ്തകോത്സവത്തിൽ ഒരുങ്ങുന്നത്.