കൊല്ലം ∙ റോഡിലെ ഇറക്കം ഇറങ്ങവേ റോഡ് റോളർ നിയന്ത്രണം വിട്ടു ഇടിച്ചു കയറി സൈക്കിൾ യാത്രക്കാരനായ വിദ്യാർഥിക്കു ഗുരുതര പരുക്ക്. റോളറിന്റെ മുൻചക്രത്തിനിടയിൽപെട്ട വിദ്യാർഥിയെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. റോഡ് റോളറിലെ ഡ്രൈവറുടെ സഹായിക്കും ഗുരുതര പരുക്കേറ്റു. ബ്രേക്ക് സംവിധാനം ഇല്ലാതിരുന്ന റോഡ് റോളറിനു ഇൻഷുറൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.
വെട്ടിലത്താഴം ജ്യോതിസ്സിൽ ജയകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ജയദേവ് (16) ആണ് അപകടത്തിൽപെട്ടത്. തുടയെല്ലിലും ഇടുപ്പെല്ലിനും സാരമായി പരുക്കേറ്റ ജയദേവിനെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. റോഡ് റോളറിനും മതിലിലും ഇടയിൽ ഞെരിഞ്ഞു പരുക്കേറ്റ റോഡ് റോളറിലെ സഹായി തട്ടാർകോണം പേരൂർ ജയന്തി കോളനിയിൽ പി.ശിവദാസനെ (63) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ട്. റോളറിൽ ഡ്രൈവറുടെ വശത്തു നിൽക്കുകയായിരുന്നു ശിവദാസൻ.

ഡീസന്റ് ജംക്‌ഷൻ– പുതുച്ചിറ റോഡിൽ വെട്ടിലത്താഴത്ത് ഇന്നലെ രാവിലെ 9.30 നാണ് അപകടം. മുഖത്തല സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജയദേവ്, വീട്ടിലേക്കുള്ള അരി പൊടിക്കുന്നതിനു സമീപത്തെ മില്ലിലേക്കു പോകുന്നതിനിടെയാണ് അപകടം. ഇടതുവശത്തു കൂടി വന്ന റോഡ് റോളർ നിയന്ത്രണം വിട്ടു വലതു വശത്തേക്കു മാറി സമീപത്തെ വീടിന്റെ ചുറ്റുമതിലും ഗേറ്റും തകർത്ത്, എതിർ ദിശയിൽ വന്ന ജയദേവിനെ ഇടിക്കുകയായിരുന്നു. കാൽ മുട്ടു മുതൽ ഇടുപ്പു വരെ മുൻചക്രത്തിനടിയിലായി.
റോളറിന്റെ പിൻചക്രം വൈദ്യുതി തൂണിൽ തട്ടി നിന്നതിനാൽ ശരീരത്തിൽ കയറിയിറങ്ങാതെ രക്ഷപ്പെട്ടു. ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റാൻ ശ്രമിച്ചപ്പോൾ ന്യൂട്രലിലേക്ക് മാറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഡ്രൈവർ സന്തോഷ് കുമാർ (56) പറഞ്ഞു. റോഡ് പണിക്കായി കല്ലമ്പലത്തേക്കു കൊണ്ടുപോവുകയായിരുന്നു റോഡ് റോളർ. അപകടത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നു ഓടിച്ചുപോയ റോഡ് റോളർ നാട്ടുകാർ പിന്തുടർന്നു തടഞ്ഞു തിരികെ എത്തിച്ചു. ഓച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ആണ് ജയദേവിന്റെ പിതാവ് ജയകുമാർ.
ഗിയർ മാറിയപ്പോൾ ന്യൂട്രലായി; ഇറക്കത്തിൽ പാഞ്ഞ് അപകടം
കൊല്ലം ∙ ബ്രേക്ക് ഇല്ലാത്ത റോഡ് റോളർ ക്ലച്ച് ചവിട്ടി ഗിയർ മാറിയപ്പോൾ ന്യൂട്രലിലേക്ക് തെന്നിമാറിയതാണ് അപകടത്തിനു കാരണമെന്നാണു നിഗമനം. ഇറക്കം ആയതിനാൽ റോഡ് റോളർ നിയന്ത്രണം വിട്ടു പാഞ്ഞു. മതിലിൽ ഇടിച്ചു നിർത്താൻ ഇടതുവശത്തേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും തെന്നിമാറിയതു വലതുവശത്തേക്ക്. അപ്പോൾ എതിർ ദിശയിൽ നിന്നു വന്ന മിനിലോറി വലതു വശത്തുകൂടി ഓടിച്ചു കയറി രക്ഷപ്പെട്ടു. അതിനു പിന്നാലെയാണ് ജയദേവ് സൈക്കിളിൽ വന്നത്.

കുട്ടിയോടു മാറാൻ റോഡ് റോളറിന്റെ ഡ്രൈവർ സന്തോഷ് കുമാർ വിളിച്ചു പറഞ്ഞെങ്കിലും സൈക്കിളിൽ നിന്നിറങ്ങി റോഡിന്റെ ഇടതു വശത്തേക്ക് നീങ്ങുന്നതിനിടയിൽ, സമീപത്തെ രാധാലയത്തിൽ രാഘവൻപിള്ളയുടെ വീടിന്റെ ചുറ്റുമതിൽ തകർത്ത റോഡ് റോളർ ജയദേവിനുമേൽ ഇടിച്ചുകയറുകയായിരുന്നു. റോളറിന്റെ പിൻചക്രത്തിനും തകർന്ന കോൺക്രീറ്റ് കട്ടകൾക്കുമിടയിൽപെട്ട് ഉറക്കെ കരഞ്ഞ ജയദേവിനെ രക്ഷപ്പെടുത്താൻ നാട്ടുകാരാകെ ഓടിക്കൂടി. നാട്ടുകാർ ജയദേവിനു വെള്ളം കൊടുക്കാൻ ശ്രമിച്ചെങ്കിലും അമ്മയെ വിളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ തൃക്കോവിൽവട്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.സുകുവിനോടു ജയദേവ് തന്നെയാണ് അമ്മയുടെ നമ്പർ പറഞ്ഞു കൊടുത്തത്. റോഡ് റോളർ പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കലും കാൽ ചതഞ്ഞരയുമെന്നു കണ്ട് ആ നീക്കം ഉപേക്ഷിച്ചു. തുടർന്നാണു മണ്ണുമാന്തിയന്ത്രം വരുത്തിയത്. ചങ്ങല കെട്ടി റോളറിന്റെ മുൻചക്രം ഉയർത്തിയാണു ജയദേവിനെ പുറത്തെടുത്തത്.
ബ്രേക്കില്ല, ഇൻഷുറൻസില്ല
കൊല്ലം ∙ അപകടം സംഭവിച്ച റോഡ് റോളറിന് ഇൻഷുറൻസോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ എന്തിന് ബ്രേക്ക് പോലും ഇല്ലായിരുന്നു ! മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ജൂണിലും ഇൻഷുറൻസ് ഡിസംബറിലും തീർന്നതായാണു രേഖകൾ. അപകടം സംഭവിച്ച റോഡ് റോളറിന് പെട്ടെന്ന് വാഹനത്തെ പിടിച്ചു നിർത്താനാവശ്യമായ ബ്രേക്ക് ഉണ്ടായിരുന്നില്ല. ക്ലച്ച് ഉപയോഗിച്ചാണ് ഈ റോഡ് റോളർ സാധാരണ നിർത്തിയിരുന്നത്. പെട്ടെന്നുള്ള സാഹചര്യങ്ങളിലും ഇറക്കത്തിലും വാഹനം ഇത്തരം രീതിയിലൂടെ നിർത്താനാവില്ല.
എല്ലാ വാഹനങ്ങൾക്കുമെന്ന പോലെ റോഡ് റോളറിനും ബ്രേക്കുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു. മെക്കാനിക്കൽ ഓപ്പറേറ്റർ ബ്രേക്ക് എന്ന വിഭാഗത്തിൽ പെടുന്ന ബ്രേക്കാണ് റോഡ് റോളറിനുള്ളത്. ബ്രേക്ക് ചവിട്ടുമ്പോൾ റോഡ് റോളറിന്റെ വലിയ ചക്രങ്ങളുമായി ബന്ധിപ്പിച്ച ബെൽറ്റ് മുറുകിയാണ് ബ്രേക്കാകുന്നത്. എന്നാൽ കുറച്ചു കാലം കഴിയുമ്പോൾ കൃത്യമായ അറ്റകുറ്റപ്പണി നടത്താതിരുന്നാൽ ഈ ബെൽറ്റ് പൊട്ടുകയോ തകരാറിലാവുകയോ ചെയ്യും. അതോടെ പിന്നീടങ്ങോട്ട് വണ്ടി നിർത്താൻ ക്ലച്ച് ഉപയോഗിക്കും. ഇങ്ങനെ റോഡ് റോളർ നിർത്താൻ കഴിയുമെങ്കിലും ഇറക്കത്തിലും അപകടങ്ങളുണ്ടാകുമ്പോഴും പെട്ടെന്ന് വാഹനം നിർത്താൻ കഴിയില്ല എന്നതാണ് പ്രശ്നം.
ഇറക്കം തുടങ്ങിയപ്പോൾ ഗിയർ ഡൗൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ന്യൂട്രലിലേക്ക് മാറുകയായിരുന്നു. നിരപ്പായ സ്ഥലത്ത് ന്യൂട്രൽ ആക്കിയാണ് റോഡ് റോളർ നിർത്തുന്നത്. എന്നാൽ ഇറക്കത്തും കയറ്റത്തും ഇങ്ങനെ നിർത്താൻ കഴിയില്ല. തട വച്ചെങ്കിൽ മാത്രമേ റോഡ് റോളർ നിർത്താൻ കഴിയുകയുള്ളു. ബ്രേക്കിങ് സംവിധാനം ഇല്ലാത്ത സാധാരണ റോഡ് റോളർ ആണ് ഇത്. സന്തോഷ് കുമാർ റോഡ് റോളർ ഡ്രൈവർ
വലിയ ശബ്ദം കേട്ട് മരുമകളും ഞാനും കൂടി പുറത്തിറങ്ങിയപ്പോൾ ചുറ്റുമതിലും ഗേറ്റും തകർന്നു കിടക്കുന്നു. റോഡ് റോളറിന്റെ മുൻചക്രത്തിനിടയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. വെള്ളം കൊടുത്തെങ്കിലും കുടിച്ചില്ല. അമ്മയെ വിളിക്കാൻ പറഞ്ഞു. വേദന കൊണ്ട് കരയുന്നുണ്ടായിരുന്നു. രാഘവൻപിള്ള രാധാലയം
റോഡ് റോളർ: നിയമം പറയുന്നത്
വെട്ടിലത്താഴത്ത് നിന്നു കല്ലമ്പലത്തേക്ക് പോകുകയായിരുന്നു റോഡ് റോളർ. റോഡ് റോളറുകൾ നിർമാണ യോഗ്യമായ പൊതു റോഡുകളിൽ കൂടെ കൊണ്ടുപോകരുത് എന്നാണ് ചട്ടം. റോഡ് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് മറ്റു വാഹനങ്ങളിൽ കയറ്റി എത്തിക്കുകയാണ് വേണ്ടത്. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. വലിയ ദൂരത്തേക്കാണ് പോകാനുള്ളതെങ്കിൽ മാത്രമാണ് ഇപ്പോൾ വാഹനങ്ങളിൽ കയറ്റി റോഡ് റോളർ കൊണ്ടുപോകുന്നത്. നിയമ പ്രകാരം ന്യൂമാറ്റിക് (വായു നിറഞ്ഞ, ടയറുള്ള, കാറ്റ് നിറച്ച) വാഹനങ്ങൾ മാത്രമാണ് പൊതുനിരത്തിലൂടെ ഓടിക്കാൻ പാടുള്ളൂ.
മോട്ടർ വാഹന നിയമത്തിൽ കാറുകളൊക്കെ ഉൾപ്പെടുന്ന ലൈറ്റ് വെഹിക്കിൾ വിഭാഗത്തിലാണ് റോഡ് റോളർ ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉദാരമായ നിയമങ്ങളാണ് ഇവയ്ക്കുള്ളത്. ലൈറ്റ് മോട്ടർ വെഹിക്കിൾ ലൈസൻസ് ഉള്ള എല്ലാവർക്കും റോഡ് റോളർ ഓടിക്കാൻ കഴിയും. സ്വകാര്യ വാഹനമായതിനാൽ തന്നെ ഫിറ്റ്നസ് ടെസ്റ്റ് 15 വർഷം കൂടുമ്പോൾ ചെയ്താൽ മതി.
കേന്ദ്ര മോട്ടർ വാഹന നിയമം 2019ൽ പരിഷ്കരിച്ചപ്പോഴാണ് ലൈറ്റ് വാഹനങ്ങളുടെ പരിധി ഭേദഗതി ചെയ്തത്. ഈ നിയമത്തിലൂടെ ലൈറ്റ് വാഹനങ്ങളുടെ നിർവചനത്തിൽ ഇവിഡബ്യൂ (ഗ്രോസ് വെഹിക്കിൾ വെയ്റ്റ്–മൊത്തം വാഹനത്തിന്റെയും അതിലെ ചരക്കിന്റെയും ഭാരം) 7500 കിലോ ഗ്രാം വരെയുള്ളവയെ ഉൾപ്പെടുത്തി. ഇതോടെയാണ് ട്രാക്ടർ, റോഡ് റോളർ പോലെയുള്ളവ ലൈറ്റ് വെഹിക്കിൾ നിയമ പരിധിയിൽ വന്നത്. 2019 റോഡ് റോളർ, ട്രാക്ടർ പോലെയുള്ളവയ്ക്ക് പ്രത്യേക ലൈസൻസും ബാഡ്ജും ആവശ്യമായിരുന്നു. ഇപ്പോൾ ഹെവി വാഹനങ്ങൾക്ക് മാത്രമാണ് ബാഡ്ജ് വേണ്ടത്.
കേസെടുക്കാതെ പൊലീസ്
വിദ്യാർഥിക്കു ഗുരുതര പരുക്കേറ്റ സംഭവം ഉണ്ടായിട്ടും കേസെടുക്കാതെ പൊലീസ്. വിദ്യാർഥിയുടെ ബന്ധുക്കളാരെങ്കിലും മൊഴി നൽകാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണു കൊട്ടിയം പൊലീസ്. റോഡ് റോളർ പിടിച്ചെടുക്കുകയും ചെയ്തിട്ടില്ല. പൊലീസ് കേസെടുക്കാത്തതിനാൽ മോട്ടർ വാഹന വകുപ്പ് വാഹനം പരിശോധിക്കാൻ എത്തിയതുമില്ല. സ്കൂളുകൾ പ്രവർത്തിക്കുന്ന ദിവസമായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു.