ADVERTISEMENT

കൊല്ലം ∙ റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർ ടി.മഹേഷിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. നിയമലംഘനം നടത്തിയ സ്വകാര്യ ബസിന്റെ ഉടമകളെ സഹായിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകിയെന്ന പേരിലാണു ഗതാഗത കമ്മിഷണർ ബിജു പ്രഭാകർ സസ്പെൻഡ് ചെയ്തത്. അനധികൃതമായി സർവീസ് നടത്തുന്ന വിവരം അറിയിച്ചിട്ടും ഇത്തരം ബസുടമകൾക്കെതിരെ നടപടിയെടുക്കാൻ മടികാണിച്ചുവെന്ന് ഉത്തരവിൽ പറയുന്നു. കൊട്ടാരക്കര കേന്ദ്രീകരിച്ചു കോൺട്രാക്ട് ക്യാരേജ്  വാഹനങ്ങൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്നു. 

കഴിഞ്ഞ ഫെബ്രുവരി 14ന് ഈ വാഹനത്തിന്റെ പെർമിറ്റ് അടിയന്തരമായി സസ്പെ‍ൻഡ് ചെയ്യണമെന്നു കാണിച്ച് ആർടിഒയ്ക്ക് ഗതാഗത അഡീഷനൽ സെക്രട്ടറി വാട്സാപ് സന്ദേശം നൽകി. കെഎസ്ആർടിസി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ നിർദേശപ്രകാരമാണിതെന്നാണു വിവരം. എന്നാൽ സസ്പെൻഡ് ചെയ്യാനുള്ള അധികാരം നിയമപരമായി ആർടിഒയ്ക്ക് അല്ലെന്നും ആർടിഒ ബോർഡിനാണെന്നും ടി.മഹേഷ് മറുപടി നൽകിയതോടെ ഒരു മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

ഇത്തരം ബസുകൾ സർവീസ് നടത്തുന്നില്ലെന്നായിരുന്ന വകുപ്പിലേക്ക് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ മറുപടി നൽകിയത്. പിന്നീട് മോട്ടർ വാഹന വകുപ്പിന്റെ കരുനാഗപ്പള്ളി, കൊട്ടാരക്കര സബ് ഓഫിസുകൾ മുഖേന പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുകയും കലക്ടർ അധ്യക്ഷയും അഡിഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ അംഗങ്ങളുമായ ആർടിഒ ബോർഡിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു. പെർമിറ്റ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ 18ന് ആർടിഒ ബോർഡ് തീരുമാനിക്കുകയും ചെയ്തു. 

ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്നു കാണിച്ച് വാട്സാപ് സന്ദേശമാണു ലഭിച്ചതെന്നും സസ്പെൻഡ് ചെയ്യാൻ ആർടിഒയ്ക്ക് അധികാരമില്ലെന്നു കാണിച്ച് മറുപടി നൽകിയിരുന്നതായും നടപടിക്കു വിധേയനായ ആർടിഒ ടി.മഹേഷ് പറഞ്ഞു. ആർടിഒ ബോ‍ർഡിനാണ് അധികാരമെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അന്വേഷണം നടത്താനുള്ള സമയം പോലും അനുവദിക്കാതെ ഒരു മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രാഥമിക റിപ്പോർട്ട് നൽകുകയും വിശദമായി പരിശോധന നടത്തി ബോർഡിന്റെ പരിഗണനയിൽ കൊണ്ടുവന്നു സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. 

മോട്ടർ വാഹന നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് നിയമലഘനത്തെ ന്യായീകരിച്ചാണ് നിയമലംഘനത്തിന് കൂട്ടുനിന്നതെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ പുറത്തിറക്കിയ  സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.  നിയമലംഘനം നടത്തി സർവീസ് നടത്തുന്ന കൂടുതൽ ബസുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഇതിന് കൂട്ടു നിൽക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി.

‘വി ആർ വിത്ത് മഹേഷ് സർ’: ഉദ്യോഗസ്ഥരുടെ ഹാഷ് ടാഗ്

ആർടിഒ ടി.മഹേഷിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയർന്നു. മഹേഷിനു പിന്തുണ പ്രഖ്യാപിച്ച്‘ വി ആർ വിത്ത് മഹേഷ് സർ’–കേരള എംവിഡി എന്ന ഹാഷ് ടാഗുമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. വാഹനത്തിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനുള്ള അധികാരം ആർടിഒ ബോർഡിന് എന്നാണ് നിയമം. സസ്പെൻഡ് ചെയ്യുന്നതിന് നടപടിക്രമങ്ങളുണ്ട്. ഇവ പാലിക്കാതെ, അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. 

ആർടിഒ ബോർഡിന്റെ അടുത്ത യോഗം യോഗം ജൂലൈ 19ന് ആണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ആരോപണ വിധേയമായ സ്വകാര്യ ബസ് ഉദ്യോഗസ്ഥർ  പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട് സഹിതം ആർടിഒ ബോർഡിന് മഹേഷ് റിപ്പോർട്ട് നൽകിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ, അടുത്ത ബോർഡ് യോഗം കൂടുന്നതിനു മുൻപു തന്നെ ബസിന്റെ പെർമിറ്റ് റദ്ദു ചെയ്യാൻ തീരുമാനിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ പ്രാഥമിക റിപ്പോർട്ടിന്റെ പേരിൽ കടുത്ത നടപടി എടുക്കുകയായിരുന്നുവെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരാതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com