പത്തനാപുരം ∙ കെഎസ്ആർടിസി ഡിപ്പോ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറാമെന്ന് പഞ്ചായത്ത് അധികൃതർക്ക് കെഎസ്ആർടിസി എംഡിയുടെ ഉറപ്പ്. എംഡിയെ നേരിട്ട് സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി.അൻസാർ എന്നിവർക്കാണ് ഉറപ്പ് ലഭിച്ചത്. ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമിയുടെ പാട്ട വ്യവസ്ഥ പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്തിടപാടുകളാണ് കെഎസ്ആർടിസിയും പഞ്ചായത്തും തമ്മിലുള്ള തർക്കത്തിലേക്കും, ഡിപ്പോ നിർത്തലാക്കുന്നതിനുള്ള ഉത്തരവിലേക്കും എത്തിയത്. ഡിപ്പോയിലേക്കാവശ്യമായ മുഴുവൻ സഹായവും സൗകര്യങ്ങളും ഒരുക്കുന്നത് പഞ്ചയാത്താണെന്ന് അധികൃതർ എംഡിയെ ബോധ്യപ്പെടുത്തി.
ഡിപ്പോയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പഞ്ചായത്തുമായി ബന്ധപ്പെടാറില്ലെന്നു ഇവർ പരാതിപ്പെട്ടു. ഇനി ഏതു കാര്യവും പഞ്ചായത്തുമായി ആലോചിച്ചു ചെയ്താൽ മതിയെന്ന നിർദേശവും എംഡി നൽകി. അതേ സമയം ഡിപ്പോയിലേക്ക് അനുവദിച്ച ഷോപ്പ് ഓൺ വീൽ സംവിധാനത്തിൽ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കരാർ റദ്ദാക്കുമെന്നും, നിയമപരമായ രീതിയിൽ മാത്രം ലൈസൻസ് നൽകിയാൽ മതിയെന്നും എംഡി നിർദേശം നൽകിയെന്നും പ്രസിഡന്റ് എസ്.തുളസി പറഞ്ഞു.