കൊല്ലം ∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയെടുത്ത് മുങ്ങി നടന്ന ആളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാനാവൂർ വടക്കേകോണത്ത് വീട്ടിൽ താമസിക്കുന്ന മലപ്പുറം എടക്കര സ്വദേശി നിലമ്പൂർ സണ്ണി എന്നറിയപ്പെടുന്ന ജോസഫ് തോമസിനെയാണ് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് തോമസിന്റെ ഭാര്യ റാണി (ജലജകുമാരി) കേസിൽ രണ്ടാം പ്രതിയാണ്.
കൊട്ടാരക്കരയിലുള്ള ഒരു വീട്ടമ്മയുടെ മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു പലപ്പോഴായി 6 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഒരു ആപ്പ് വഴി വീട്ടമ്മയ്ക്കെതിരെ അശ്ലീലചുവയുള്ള പരാമർശം നടത്തി അപകീർത്തിപ്പെടുത്തി. പ്രതിക്കെതിരെ കണ്ണൂർ പാനൂർ പൊലീസ് സ്റ്റേഷൻ, മെഴുകുന്ന് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ കേസുകൾ ഉണ്ട്. പ്രതികൾക്ക് വേണ്ടി കൊല്ലം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.