കൊട്ടാരക്കര∙ ആയിരത്തിയഞ്ഞൂറു കണ്ഠങ്ങളിൽ നിന്നൊഴുകിയ ദിവ്യ സംഗീതത്തിൽ കോരിച്ചൊരിഞ്ഞു പെയ്ത മഴ മാറി നിന്നു. ഒന്നായി ഉയർന്ന ശബ്ദം സംഗീത മഴയായി പെയ്തിറങ്ങി. മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയുടെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്ന് ആൾ വലുപ്പം കൊണ്ടും സംഗീത മാധുര്യം കൊണ്ടു അത്യപൂർവമായി.കൊട്ടാരക്കര ജൂബിലി മന്ദിരം മൈതാനത്ത് ഒരുക്കിയ വിശാലമായ പന്തൽ സംഗീത മാസ്മരികയുടേതായി.
സംഗീതം മനുഷ്യരാശിയുടെ ഭാഷയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്ത പറഞ്ഞു. പിന്നണി ഗായിക നിത്യ മാമ്മൻ മുഖ്യസന്ദേശം നൽകി. ഡിഎസ്എംസി പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ആശിഷ് തോമസ് ഗാനസന്ധ്യയ്ക്ക് നേതൃത്വം നൽകി. സഭാ സെക്രട്ടറി റവ.സി.വി.സൈമൺ, ഭദ്രാസന സെക്രട്ടറി റവ.കെ.വൈ.തോമസ്, റവ.ജോർജ് മാത്യു, റവ.ടി.എസ്.ഫിലിപ് എന്നിവർ പ്രസംഗിച്ചു.