ട്രോളിങ് നിരോധനം: നടപടികൾക്ക് രൂപം നൽകി
Mail This Article
കൊല്ലം∙ ഈ മാസം 9ന് അർധരാത്രി മുതൽ ജൂലൈ 31 വരെ ജില്ലയിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ അവലോകനയോഗം ചേർന്നു. ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നീണ്ടകര ഹാർബർ തുറന്നുകൊടുക്കും. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള ഡീസൽ ബങ്കുകൾ അടച്ചിടും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാനായി മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബാങ്കുകൾ തുറന്നു കൊടുക്കും.
ട്രോളിങ് ബോട്ടുകൾ ഒൻപതിന് വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം. ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ മത്സ്യവുമായി ഹാർബറിലേക്ക് വരാൻ അനുവദിക്കുകയുള്ളൂ. ഇതരസംസ്ഥാന ബോട്ടുകളുടെ പ്രവേശനം തടയാനുള്ള കർശന നടപടികൾ ഫിഷറീസ് വകുപ്പ് സ്വീകരിക്കും. ഒൻപതിനു രാവിലെ മുതൽ ഉച്ചവരെ പരവൂർ മുതൽ അഴീക്കൽ വരെ കടലിലും ഉച്ചയ്ക്ക് ശേഷം തീരദേശ മേഖല മുഴുവനായും ട്രോളിങ് നിരോധനം സംബന്ധിച്ച അനൗൺസ്മെന്റുകൾ നടത്തുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. സുബൈർ പറഞ്ഞു.
∙ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്മെന്റ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും.
∙ ലൈറ്റ് ഫിഷിങ് ഉൾപ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികളും നിരോധിത വലകൾ ഉപയോഗിക്കുന്നതും കർശനമായി തടയുകയും നിയമവിരുദ്ധ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യൂം.
∙ ബോട്ടുകൾ അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിൽ നിയമ വിരുദ്ധമായ ട്രോളിങ് തടയുന്നതിനായി ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും പരിശോധന ശക്തമാക്കും.
∙എല്ലാ ഹാർബറുകളിലും പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തും. ട്രോളിങ് നിരോധനം തുടങ്ങി രണ്ടുദിവസങ്ങളിൽ കൂടി വിപണനം നടത്തണമെന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം ജില്ലാ ഭരണകൂടം ചർച്ച ചെയത് തീരുമാനിക്കും. എഡിഎം ബീനാറാണി അധ്യക്ഷയായിരുന്നു. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, സബ്കലക്ടർ മുകുന്ദ് ഠാക്കൂർ, ഫിഷറീസ് ഡിഡി കെ. സുഹൈർ എന്നിവർ നേതൃത്വം നൽകി.