ADVERTISEMENT

കൊല്ലം ∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ  ബാർജുകളും ടഗ്ഗുകളും കൊല്ലം തുറമുഖത്തേക്ക്. കാലവർഷം ആരംഭിക്കുന്നതോടെ കടൽ പ്രക്ഷുബ്ധമാവുകയും നിർമാണം തടസ്സപ്പെടുകയും ചെയ്യുമെന്നതിനാലാണ് ഇവ കൊല്ലത്തേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസം 3 യാനങ്ങൾ എത്തി. പുറംകടലിൽ നങ്കൂരമിട്ടിരുന്ന ഒരു യാനം കൂടി ഇന്നലെ ഉച്ചകഴിഞ്ഞ് തുറമുഖത്തെത്തി. ഇന്ന് ഒരു ടഗ് കൂടി എത്തും. അടുത്ത ദിവസങ്ങളിൽ കൂടുതൽ ടഗ്ഗുകൾ എത്തിച്ചേരും.

രണ്ടു മാസത്തോളം കൊല്ലം തുറമുഖം ടഗ്ഗുകളുടെയും ബാർജുകളുടെയും വർക്‌ഷോപ് ആയി മാറുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓഗസ്റ്റിൽ ആയിരിക്കും ഇവ വിഴിഞ്ഞത്തേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസം എത്തിയ യാനങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കൊച്ചിയിൽ നിന്ന് ഇരുപതിലേറെ വിദഗ്ധർ എത്തിച്ചേർന്നിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 14 ടഗ്ഗുകളും ബാർജുകളും കഴിഞ്ഞ വർഷവും കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണി നടത്താൻ അനുയോജ്യമായ തുറമുഖമാണ് കൊല്ലം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം യാനങ്ങൾ നങ്കൂരമിട്ട ഇനത്തിൽ ഒരു കോടി രൂപയിലേറെ തുറമുഖത്തിനു ലഭിച്ചിരുന്നു. സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ആണ് യാനങ്ങൾ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com