ADVERTISEMENT

കൊല്ലം ∙ സ്കൂളുകൾ തുറന്നതോടെ വിദ്യാലയങ്ങൾ കുട്ടികളുടെ കളികളിലും ആരവങ്ങളിലും മുങ്ങിക്കഴിഞ്ഞു. കുട്ടികളെ വരവേൽക്കാൻ വർണശബളമായ ഒട്ടേറെ തയാറെടുപ്പുകളുമായി സ്കൂളുകളും അധ്യാപകരും സജ്ജരായിരുന്നു. എന്നാൽ, നമ്മുടെ കുട്ടികളെ വരവേൽക്കാൻ സ്കൂളുകളിലേക്കുള്ള വഴികൾ സജ്ജമാണോ? പരിശോധിക്കാം... 

മാഞ്ഞുപോയ സീബ്രാ ലൈനുകൾ

നഗരത്തിലെ മിക്ക റോഡുകളിലെയും സീബ്രാ ലൈനുകൾ മാഞ്ഞുപോയിട്ടു മാസങ്ങളായി. സ്കൂളുകൾക്കു സമീപത്തെ സീബ്രാ ലൈനുകൾ പോലും വരയ്ക്കാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. പല സ്കൂളുകൾക്കു മുൻപിലും പൊലീസ് സാന്നിധ്യം ഉള്ളതിനാലാണ് വിദ്യാർഥികൾക്കു അപകടമില്ലാതെ റോഡ് മറികടക്കാൻ കഴിയുന്നത്. സ്കൂൾ പരിസരം വിട്ടാൽ പിന്നെ കുട്ടികൾ ഏറെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. 

സീബ്രാ ലൈൻ മാഞ്ഞുപോയതിനാൽ തന്നെ എവിടെ വാഹനം നിർത്തണമെന്ന കാര്യത്തിൽ ഡ്രൈവർമാർക്കും ധാരണയില്ല. നഗരത്തിലെ പ്രധാന ഇടങ്ങളായ ചിന്നക്കട, കടപ്പാക്കട, കലക്ടറേറ്റ് തുടങ്ങി മിക്ക ഇടത്തെയും അവസ്ഥ സമാനമാണ്.സംസ്ഥാനത്ത് എല്ലാ പ്രധാന റോഡുകളിലും സീബ്രാ ലൈൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാഞ്ഞുപോയ ലൈനുകൾ ഉടൻ തന്നെ വരയ്ക്കുകയും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ഉടൻ സജ്ജീകരണം ഒരുക്കുമെന്നും അധികൃതർ പറഞ്ഞിരുന്നെങ്കിലും അതിന് ഇനിയും സമയം ആയിട്ടില്ലെന്നു വേണം കരുതാൻ.

കോൺക്രീറ്റ് സ്ലാബുകൾ

നഗരവഴികളിൽ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്നം നടപ്പാതകളിലെ കോൺക്രീറ്റ് സ്ലാബുകളിലെ വിടവുകളും അശാസ്ത്രീയമായ രീതികളും ആണ്. പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾക്കു മുകളിൽ പഴയ സ്ലാബുകൾ കിടക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. രാവിലെയും വൈകിട്ടും നടപ്പാതയിലും റോഡുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ തെറ്റായി കിടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ‌സീബ്രാ ലൈനുകൾ വരച്ചു റോഡ് മുറിക്കാനുള്ള സ്ഥലം കൃത്യമായി അടയാളപ്പെടുത്താനും അപകടം വരുത്തുന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റിയും വിടവുകൾ നികത്തിയും ശരിയാക്കാനും കഴിഞ്ഞാൽ വഴികളിലെ അപകടഭീഷണി ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com