ചിരിച്ചും ചിണുങ്ങിയും പിന്നെ വാവിട്ടു കരഞ്ഞും അക്ഷരമുറ്റങ്ങളിലേക്ക്...
Mail This Article
കൊല്ലം∙ ചിരിച്ചും ചിണുങ്ങിയും പിന്നെ വാവിട്ടു കരഞ്ഞും അക്ഷരമുറ്റങ്ങളിലേക്ക് ആദ്യമായെത്തിയ കുരുന്നുകൾ സ്കൂളുകളുടെ വിശാലമുറ്റങ്ങളിൽ ഓടിത്തിമിർത്തു. അവരെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാത്തു നിന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുരവും പങ്കുവച്ചു. പട്ടത്താനം ബാലികാ മറിയം സ്കൂളിൽ പുതിയതായി എത്തിയവർക്ക് കൗതുകം മരത്തിലായിരുന്നു. അത്തി, മാവ് തുടങ്ങിയ വൃക്ഷങ്ങളിൽ ഇംഗ്ലിഷ്, മലയാളം അക്ഷരങ്ങളും അക്കങ്ങളും തൂക്കിയിട്ടിരിക്കുന്നു. അതിൽ അറിയാവുന്ന വായിക്കാൻ ശ്രമിക്കുന്നവരുടെ മത്സരമായിരുന്നു ഇന്നലെ.
പ്രീ പ്രൈമറി ക്ലാസുകളുള്ള എൽപി സ്കൂളുകളിലായിരുന്നു പ്രധാന ആഘോഷം. കുട്ടികളിൽ പലരും ആദ്യമായിട്ടാകും സ്കൂളിന്റെ പടി കടന്നെത്തുന്നത്. കന്റോൺമെന്റ് എൽഎംഎസ് എൽപി സ്കൂളിലെ പ്രവേശനോത്സവം ആഘോഷമാക്കിയത് എസ്എൻ കോളജ് നാഷനൽ സർവീസ് സ്കീമിലെ ചേട്ടൻമാരും ചേച്ചിമാരുമാണ്. പഠനോപകരണ വിതരണത്തിനു പുറമേ, മധുര പലഹാരവും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.രാവിലെ ക്ലാസ് മുറികളിലേക്കു പറഞ്ഞുവിട്ട കുരുന്നുകളെ തിരികെ വിളിച്ചു കൊണ്ടുപോകാനുളള മാതാപിതാക്കളുടെ തിരക്കായിരുന്നു ഉച്ചയായപ്പോഴേക്കും സ്കൂൾ പരിസരങ്ങളിൽ.
മാതാപിതാക്കൾ മാത്രമല്ല, മുത്തച്ഛനും മുത്തശ്ശിയും വരെ കുട്ടികളെ കാത്തിരുന്നു. ഉച്ചയ്ക്കു 12.30 യ്ക്കു സ്കൂൾ വിട്ടു. തെങ്ങോലയും മടലും തൊണ്ടും ചിരട്ടയുമൊക്കായി പടയണിക്കോലത്തിനു സമാനമായ രൂപം ഒരുക്കിയാണ് ചെമ്മാൻമുക്കിലെ ക്രിസ്തുരാജ് സ്കൂൾ പുതിയ കൂട്ടുകാരെ വരവേറ്റത്.സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചവറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അഫ്സാന പർവീൺ പ്രവേശനോത്സവ സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ക്ഷണിച്ചില്ല
ചവറയിൽ നടന്ന ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷിനെ ക്ഷണിക്കാതിരുന്നതു വിവാദമായി. ദിവസങ്ങൾക്കു മുൻപ് സംഘാടക സമിതി യോഗം നടന്നപ്പോഴും വൈസ് പ്രസിഡന്റിനെ അറിയിച്ചില്ല. വൈസ് പ്രസിഡന്റിനെ ഒഴിവാക്കിയതു സിപിഐയിലും ചർച്ചയായി.സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താനാണ് സിപിഐ തീരുമാനം.