ADVERTISEMENT

ആയൂർ ∙ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കു വിരാമമിട്ടു മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നുള്ള പെട്രോൾ സുരക്ഷിതമായി മറ്റൊരു ടാങ്കർ ലോറിയിലേക്കു മാറ്റി. ഇതിനു ശേഷം ക്രെയിൻ ഉപയോഗിച്ചു ടാങ്കർ ലോറി റോഡിൽ നിന്നു മാറ്റി. ഇന്നലെ പുലർച്ചെ 4 മണിയോടെയാണു ദൗത്യം വിജയകരമായി പൂർത്തിയായത്. ഇതിനു ശേഷമാണ് എംസി റോഡു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. പൊലീസ്, അഗ്നിരക്ഷാ സേന, ഐഒസി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. എംസി റോഡിൽ വയയ്ക്കൽ വഞ്ചിപ്പെട്ടി ജംക്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് 12,000 ലീറ്റർ പെട്രോളുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞത്.

എതിർ ദിശയിൽ നിന്നു മറ്റൊരു വാഹനത്തെ മറികടന്നു കയറി വന്ന കാറിൽ ഇടിക്കാതിരിക്കാനായി ലോറി വെട്ടിച്ചു മാറ്റി. കാറിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് എതിർ വശത്തെ മൺതിട്ടയിൽ ഇടിച്ചാണു ലോറി മറിഞ്ഞത്. മുൻഭാഗം പൂർണമായി തകർന്ന കാറിൽ നിന്നു യാത്രികനെ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റ ഇയാൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി മറിഞ്ഞതോടെ ഇതിൽ നിന്നു പെട്രോൾ ചോർന്നതു പരിഭ്രാന്തി പരത്തി. തീ പിടിക്കാൻ സാധ്യത കൂടുതലുള്ളതിനാൽ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരെ ദൂരേക്കു മാറ്റുകയും ഇതുവഴിയുള്ള ഗതാഗതം തടയുകയും ചെയ്തു. എംസി റോഡ് വഴി ആയൂർ ഭാഗത്തേക്കും തിരികെ കൊട്ടാരക്കര ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

ഇന്ധനച്ചോർച്ച ചെറിയ തോതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ആശ്വാസമായി. കൊട്ടാരക്കര, കടയ്ക്കൽ, പുനലൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന അംഗങ്ങളും സ്ഥലത്തെത്തി. ഇന്ധനം പുറത്തേക്ക് ഒഴുകുന്ന ഭാഗത്ത് ഫോം ലിക്ക്വിഡ് സ്പ്രേ ചെയ്തു. പുറത്തേക്കു ഒഴുകിയ പെട്രോൾ പാത്രത്തിൽ ശേഖരിച്ചു സുരക്ഷിതമായി മാറ്റി. ഇതിനിടെ പെട്രോൾ മാറ്റുന്നതിനുള്ള പ്രത്യേക വാഹനം പാരിപ്പള്ളി ഐഒസിയിൽ നിന്നും കൊണ്ടു വന്നു. ഇത് ഉപയോഗിച്ചു മറിഞ്ഞ ടാങ്കറിലെ പെട്രോൾ മറ്റൊരു ടാങ്കർ ലോറിയിലേക്കു മാറ്റി. പകുതിയോളം ഇന്ധനം മാറ്റിയ ശേഷം രണ്ടു ക്രെയിനുകളുടെ സഹായത്തോടെ ടാങ്കർ ലോറി ഉയർത്തി. തുടർന്ന് അഗ്നിരക്ഷാസേന വെള്ളം പമ്പു ചെയ്തു റോഡ് വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിട്ടത്.  കൊട്ടാരക്കര, ചടയമംഗലം, അഞ്ചൽ, കടയ്ക്കൽ, വാളകം എയ്ഡ് പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com