ADVERTISEMENT

ശാസ്താംകോട്ട ∙ ഒരു വർഷത്തിലേറെയായി സർക്കാർ വകുപ്പുകളുടെ പിറകെ നടന്നിട്ടും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മൈനാഗപ്പള്ളി ശുദ്ധജല പദ്ധതിക്കായി ഒടുവില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നു പൈപ്പിടീൽ തുടങ്ങി. പഞ്ചായത്തിലെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 6.1 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പബ്ലിക് മാർക്കറ്റിൽ 15.29 ലക്ഷം ലീറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്ക് നിർമിച്ചെങ്കിലും പൈപ്പിടീൽ പൂർത്തീകരിക്കാൻ കഴിയാത്തത് പദ്ധതിക്കു വില്ലനായി. 

പ്രധാന റോഡുകൾ മുറിച്ച് പൈപ്പിടുന്നതിനു കെആർഎഫ്ബി, പൊതുമരാമത്ത് വകുപ്പുകള്‍ അനുമതി നല്‍കിയില്ല. പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ച ശേഷം റോഡ് മുറിച്ച് കടക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തണം. ശാസ്താംകോട്ട- കരുനാഗപ്പള്ളി പ്രധാന പാതയുടെ നവീകരണം പാതിവഴിയില്‍ നിലച്ചെങ്കിലും റോഡില്‍ പൈപ്പിടാന്‍ മാത്രം അനുവദിച്ചില്ല. വേനലില്‍ പഞ്ചായത്തിന്റെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. 

ശുദ്ധജല പദ്ധതി യാഥാർഥ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവ, പൊതുമരാമത്ത് മന്ത്രിമാർക്കും ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 500 പേർ ഒപ്പിട്ട നിവേദനം നൽകി. താലൂക്ക് വികസന സമിതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം നിലയില്‍ പൈപ്പിടുമെന്ന പ്രഖ്യാപനമുണ്ടായി. തുടര്‍ന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മണ്ണുമാന്തിയന്ത്രം എത്തിച്ച് റോഡിന്റെ വശങ്ങളില്‍ പൈപ്പിടീല്‍ തുടങ്ങിയത്. ജലഅതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും എത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com