ADVERTISEMENT

കൊല്ലം ∙ 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യന്ത്രവത്കൃത മത്സ്യബന്ധന നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം. ദിവസങ്ങളോളമായി കടലിൽ കഴിയുന്ന വലിയ ബോട്ടുകളെല്ലാം മടങ്ങിയെത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. നിയമാനുസൃതമായ വലകൾ മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.

തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങൾ ട്രോളിങ് ദിവസങ്ങളിൽ അടച്ചിടും. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നീണ്ടകര ഹാർബർ തുറന്നു കൊടുക്കും. മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിൽ മിക്കവരും ഈ സമയത്ത് നാട്ടിലേക്ക് തിരിക്കും. ഇതര സംസ്ഥാന യാനങ്ങളും കേരളത്തിന്റെ തീരം വിടും. ഹാർബറിലും തീര പ്രദേശത്തും പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്യും. 

ട്രോളിങ് തുടങ്ങുന്നതോടെ ഇനിയുള്ള 2 മാസക്കാലം മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കു പ്രതിസന്ധിയുടെ കാലമാണ്. ഒരുപാട് ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും പലതും നടപ്പിലാകാറില്ലാത്തതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. 

ട്രോളിങ് നിരോധനം നിലവിൽ വരുന്നതോടെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അനുബന്ധ മേഖലകളും നിശ്ചലമാകും. ഐസ് പ്ലാന്റുകൾ, ഹാർബറുകളിൽ മീൻ ചുമക്കുന്നവർ, തരംതിരിക്കുന്നവർ, വലയും മറ്റു സാമഗ്രികളും വിൽക്കുന്നവർ, കച്ചവടക്കാർ തുടങ്ങിയ മിക്ക മേഖലകളും ഇതോടെ നിശ്ചലമാകും. 

ആരംഭിച്ചത് 1988ൽ, കൊല്ലത്ത് 1989ൽ 

1988ലാണ് കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനം നിലവിൽ വരുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യങ്ങളുടെ പ്രജനന കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ 1988ൽ ജില്ലയിൽ ട്രോളിങ് നിരോധനം നടപ്പിലായിരുന്നില്ല. കയറ്റുമതി ചെമ്മീൻ ഇനമായ കരിക്കൊടി ധാരാളമായി കിട്ടുന്നതിനാലാണ് ജില്ലയെ ഒഴിവാക്കിയിരുന്നത്. എന്നാൽ ഇതിനെതിരെ വിമർശനം വരികയും വിഷയം കോടതിയിൽ എത്തുകയും ചെയ്തതോടെ 1989 മുതൽ ജില്ലയിലും നിരോധനം വന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com