ADVERTISEMENT

പത്തനാപുരം∙ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം പട്ടാഴി താഴത്ത് വടക്ക് കാവുവിളയിൽ വീട്ടിൽ രഞ്ചു പൊടിയൻ(33) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ചാനൽ പ്രവർത്തകൻ കോളൂർമുക്കിൽ അനീഷ് കുമാറിനെ(36) റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഓൺലൈൻ ചാനൽ ഉടമ അനീഷിനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തി വാർത്ത ചെയ്ത അനീഷാണ് തന്റെ മരണത്തിനു ഉത്തരവാദിയെന്നു കത്തെഴുതി വച്ചാണ് രഞ്ചു പൊടിയൻ ആത്മഹത്യ ചെയ്തത്. 

സംഭവത്തിൽ പൊലീസ് പറയുന്നത്: 4 വർഷം മുൻപ് മരിച്ച പ്രദേശവാസിയായ വയോധികന്റെ മരണം കൊലപാതകമാണെന്നു പറഞ്ഞ് രഞ്ചു പൊടിയൻ വിഡിയോ സൃഷ്ടിച്ചു സുഹൃത്തിന് അയച്ചു നൽകിയിരുന്നു. വയോധികന്റെ മരുമകൾ വിഷം പല ദിവസങ്ങളിലായി ചായയിലും മറ്റും കലക്കി നൽകുന്നത് താൻ കണ്ടിട്ടുണ്ടെന്നായിരുന്നു രഞ്ചുവിന്റെ വിഡിയോ ഉള്ളടക്കം. ആ സമയം താൻ ആ വീട്ടിലെ ഡ്രൈവറായിരുന്നെന്നും രഞ്ചു അവകാശപ്പെടുന്നുണ്ട്. 

ഈ വിഡിയോ അനീഷിന്റെ കൈകളിലെത്തുകയും, വാർത്തയായി പ്രചരിപ്പിക്കുകയും ചെയ്തു. ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച രഞ്ചുവിന്റെയും ആരോപണ വിധേയരായ വയോധികന്റെ കുടുംബത്തിലുള്ളവരുടെയും മൊഴിയെടുത്തു.  മദ്യപിച്ചിരിക്കുമ്പോൾ സംഭവിച്ച തോന്നലിൽ ചെയ്ത വിഡിയോ ആണ് ഇതെന്നും വയോധികന്റെ മരണവുമായി ഒരു ബന്ധവുമില്ലെന്നും പൊലീസിനു നൽകിയ മൊഴിയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും പറയുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും രഞ്ചുവിനെക്കുറിച്ച് അനീഷ് ഓൺലൈനിലൂടെ വാർത്ത നൽകി. ഇതിൽ മനം നൊന്തായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com