ADVERTISEMENT

കൊല്ലം ∙ വ്യാജ ജിപിഎസ് അപ്രൂവൽ സർട്ടിഫിക്കറ്റ്; പൊലീസിൽ പരാതി നൽകി മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഫിറ്റ്നസ് പരിശോധനയ്ക്കായി എത്തിച്ച 2 ഗുഡ്സ് വാഹനങ്ങളിലാണു വ്യാജ ജിപിഎസ് അപ്രൂവൽ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. 3000 കിലോയ്ക്കു മുകളിൽ ജിവിഡബ്ല്യു ഉള്ള ചരക്കുവാഹനങ്ങളിലും 5 സീറ്റിൽ കൂടുതലുള്ള മോട്ടർ ക്യാബ് ഉൾപ്പെടെയുള്ള യാത്ര വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് (ജിപിഎസ്) ഡിവൈസ് നിർബന്ധമാണ്. ജിപിഎസ് സംവിധാനം വാഹനത്തിൽ ഘടിപ്പിച്ച ശേഷം മോട്ടർ വാഹന വകുപ്പിന്റെ ‘ സുരക്ഷ മിത്ര’ എന്ന സംവിധാനവുമായി ഇവ ബന്ധിപ്പിക്കും. ഇതിലൂടെ വാഹനത്തിന്റെ കൃത്യമായ ലൊക്കേഷൻ, സ്പീഡ് അടക്കമുള്ള എല്ലാ വിവരങ്ങളും മോട്ടർ വാഹന വകുപ്പിനു കണ്ടെത്താൻ സാധിക്കും.

ഇത്തരത്തിൽ വാഹനത്തിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചതായി കാട്ടി മോട്ടർ വാഹന വകുപ്പിന്റെ അടക്കമുള്ള സീൽ പതിപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് ആണു കഴിഞ്ഞ ദിവസം ഫിറ്റ്നസ് ടെസ്റ്റിനായി കൊല്ലത്ത് എത്തിച്ച 2 വാഹനങ്ങൾ ഹാജരാക്കിയത്. ആദ്യ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ‘സുരക്ഷ മിത്ര’ ആപ്പ് വഴി വിശദമായി പരിശോധിച്ചപ്പോഴാണു വാഹനത്തിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്നും കണ്ടെത്തിയത്. തുടർന്ന്, ആർടിഒ എച്ച്.അൻസാരിയുടെ നിർദേശപ്രകാരം കൊല്ലം ഈസ്റ്റ് പൊലീസിൽ ഉദ്യോഗസ്ഥർ പരാതി നൽകി. സംഭവത്തിൽ 4 പേർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായതായി സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com