ADVERTISEMENT

കൊല്ലം∙ ചെയിൻ സർവീസുകൾ ലാഭത്തിലാക്കാനെന്ന പേരിൽ വിദ്യാർഥികൾക്കു യാത്രാസൗജന്യം അനുവദിക്കാതെ കെഎസ്ആർടിസി. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിലാണ് പ്രധാനമായും കൺസഷൻ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്. അയൽജില്ലകളിലെ സ്കൂളുകളിലെ വിദ്യാർഥികളാണ് കൺസഷൻ ലഭിക്കാത്തതിനാൽ പ്രധാനമായും ദുരിതമനുഭവിക്കുന്നത്. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിൽ നെല്ലിക്കുന്നം വരെ മാത്രമാണ് കെഎസ്ആർടിസി കൺസഷൻ അനുവദിച്ചിരിക്കുന്നത്.

ഇതോടെ വേളമാനൂർ, പള്ളിക്കൽ, പകൽക്കുറി, ഓയൂർ മേഖലകളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ കൺസഷൻ ലഭിക്കില്ല. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിൽ നെല്ലിക്കുന്നം വരെ കൺസഷൻ നൽകിയാൽ മതിയെന്നു കെഎസ്ആർടിസി ചീഫ് ഓഫിസ് നിർദേശമുണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. എന്നാൽ ചെയിൻ സർവീസുകൾ ലാഭത്തിലാക്കാൻ കൊട്ടാരക്കര, ചടയമംഗലം മേഖലകളിൽ ചെയിൻ സർവീസുകളിൽ കൺസഷൻ ഒഴിവാക്കണമെന്നു ചീഫ് ഓഫിസ് നിർദേശമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്.

ചടയമംഗലത്തെ കൺസഷൻ നിർത്തലാക്കാനുള്ള തീരുമാനം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഒഴിവാക്കാൻ സാധിച്ചു. കൊട്ടാരക്കരയിൽ നിന്ന് ഓയൂർ, പകൽക്കുറി വഴി പാരിപ്പള്ളി വരെ പോകുന്ന കെഎസ്ആർടിസി ബസുകളിൽ കൺസഷൻ ലഭിക്കാതായതോടെ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, പകൽക്കുറി, പാളയംകുന്ന് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടെ കൊട്ടാരക്കര ഭാഗത്തെ ഒട്ടേറെ വിദ്യാർഥികളാണ് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളെ ആശ്രയിക്കുന്നത്.

നിരക്ക്‌ വർധന പ്രാബല്യത്തിൽ

പ്ലസ്ടുവിന് മുകളിലെ ക്ലാസുകളിൽ പഠിക്കുന്ന ബിപിഎൽ അല്ലാത്ത വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മൂന്ന് ഇരട്ടിയായി വർധിപ്പിച്ചതു കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നു. 40 കിലോമീറ്ററിൽ മുകളിൽ കൺസഷൻ ലഭിക്കണമെങ്കിൽ ഈ അധ്യയന വർഷം മുതൽ കെഎസ്ആർ‌ടിസി ചീഫ് ഓഫിസിന്റെ അനുമതിയും ആവശ്യമാണ്. മാതാപിതാക്കളുടെ പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ ചീഫ് ഓഫിസിൽ ഹാജരാക്കുകയും വേണം. ഫെയർ സ്റ്റേജായ 2.5 കിലോമീറ്ററിന് 30 ശതമാനം ഇളവോടെ 3 മാസത്തേക്ക് 310 രൂപ കൺസഷൻ നൽകിയ സ്ഥാനത്ത് ഈ വർഷം 1050 രൂപ നൽകണം. 5 കിലോമീറ്ററിന് 1365, 10 കിലോമീറ്ററിന് 1890, 25 കിലോമീറ്ററിന് 3465 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com