ബലിതർപ്പണ കർമങ്ങൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മാത്രം നടത്തണം: ഹൈക്കോടതി

Mail This Article
കൊല്ലം∙ തിരുമുല്ലാവാരം മഹാവിഷ്ണു ക്ഷേത്രത്തിലെ ബലിതർപ്പണ കർമങ്ങൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മാത്രം നടത്തിയാൽ മതിയെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചട്ടവിരുദ്ധമായ ബലിതർപ്പണവുമായി ബന്ധപ്പെട്ടു തിരുമുല്ലാവാരം സ്വദേശി പി.കെ. ഗോപകുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രനാഥ്, പി.ജി. അജിത് കുമാർ എന്നിവരുടെ ഇടക്കാല ഉത്തരവ്.ദേവസ്വം ബോർഡിനു കീഴിലുള്ള കർമികളുടെ നേതൃത്വത്തിൽ മാത്രമായിരിക്കണം നിത്യേനയുള്ള ബലിതർപ്പണം നടക്കുന്നതെന്ന് കലക്ടറും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ക്ഷേത്രത്തിനടുത്ത് ബലിതർപ്പണ ഭൂമി സംരക്ഷണ–പരിപാലന ട്രസ്റ്റിന്റെ സ്ഥലം റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ കലക്ടർ മുദ്രവയ്ക്കണം. അവിടെ ബലിതർപ്പണം നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ക്ഷേത്ര കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് ഈ ഭൂമി. ഈ മാസം 16, 17 തീയതികളിൽ നടന്ന ബലി തർപ്പണവുമായി ബന്ധപ്പെട്ട് 26ന് മുൻപ് ബലിതർപ്പണ ഭൂമി സംരക്ഷണ–പരിപാലന ട്രസ്റ്റ് സത്യവാങ്മൂലം സമർപ്പിക്കണം. ട്രസ്റ്റിന്റെ ബാങ്ക് വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.27ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ എസിപി നേരിട്ടു ഹാജരായി കൂടുതൽ വിവരങ്ങൾ വിശദീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹർജിക്കാരനു വേണ്ടി അഡ്വ. സി.എസ്. സുമേഷ് ഹാജരായി.