ADVERTISEMENT

ചവറ ∙ ഉറ്റ ചങ്ങാതിയുടെ അപകടമരണ വിവരം അറിഞ്ഞ് വിഷമത്തോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെ അപകടത്തിൽ മരിച്ച രാജൻ പയസിന്റെ വിധിയെ ഓർത്തു ദുഃഖത്തിലാണു നീണ്ടകര. സക്കറിയ ഫെലിക്സിന്റെയും രാജൻ പയസിന്റെയും വിയോഗത്തെക്കുറിച്ചാണു കണ്ണീർതോരാരാതെ ബന്ധുക്കൾക്കും നാട്ടുകാർക്കും പറയാനുള്ളത്. ബാല്യകാലം മുതൽ സന്തതസഹചാരികളാണ് ഇരുവരും. തൊട്ടുചേർന്നുള്ള വീടുകളാണ് ഇരുവരുടെയും. വീടിനു സമീപത്തെ മത്സ്യബന്ധന തുറമുഖത്ത് ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ സക്കറിയായുടെ മകനു തലതൊട്ടപ്പനായും രാജൻ പയസ് മാറിയതോടെ ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വർധിച്ചു.

വേളാങ്കണ്ണിയിലേക്കു തീർഥയാത്ര പോയ സംഘം അപകടത്തിൽപ്പെട്ടതും സക്കറിയ മരിച്ചതും അറിഞ്ഞതോടെ താങ്ങാനാകാത്ത ദുഃഖത്തിലായിരുന്നു രാജൻ. നിലവിൽ താമസിക്കുന്ന തങ്കശ്ശേരിയിൽ നിന്ന് ഉടൻ തന്നെ നീണ്ടകരയിലെ സക്കറിയയുടെ വീട്ടിലെത്തി മൃതദേഹം എത്തുന്നതും കാത്ത് മണിക്കൂറുകൾ ഇരിക്കുകയും ബന്ധുക്കളെ അശ്വസിപ്പിക്കുകയും ചെയ്ത ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ നീണ്ടകരപ്പാലത്തിനു സമീപം ദേശീയപാതയിലേക്കു കടക്കുമ്പോൾ ഉണ്ടായ അപകടത്തിലാണു രാജനും യാത്രയായത്. സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. 

തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ ഇന്നു രാവിലെ 11നു രാജന്റെ മൃതദേഹം സംസ്കരിക്കും.സക്കറിയായുടെ മൃതദേഹം ഇന്നലെ വൈകിട്ട് വൻജനാവലിയുടെ സാന്നിധ്യത്തിൽ നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിച്ചു. സക്കറിയ ഫെലിക്സ് ഉൾപ്പെടെ നാലംഗസംഘം കാറിൽ വേളാങ്കണ്ണി തീർഥാടനത്തിനു പോകുന്നതിനിടെ തമിഴ്നാട് ശിവഗംഗ ജില്ലയിൽ ശനിയാഴ്ച പുലർച്ചെ 1ന് മറ്റൊരു കാറിടിച്ചാണ് അപകടം ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com